സ്വര്‍ണ മെഡല്‍ ജേതാവിന് നേരെ ആക്രമണം; ഇഷ്ടികയും കല്ലും വലിച്ചെറിഞ്ഞു.

വാരാണസി: ഓസ്‌ട്രേലിയയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി സ്വര്‍ണ മെഡല്‍ നേടിയ പൂനം യാദവിന് നേരെ ആക്രമണം. വാരാണസിയില്‍ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയിലാണ് പൂനം യാദവിന് നേരെ അഞ്ജാതരുടെ ആക്രമണമുണ്ടായത്. ഒരു കൂട്ടം ആളുകള്‍ പൂനത്തിന് നേരെ ഇഷ്ടികയും കല്ലുകളും വലിച്ചെറിയുകയായിരുന്നു. ആക്രമികളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഗോള്‍ഡ് കോസ്റ്റില്‍ ഭാരോദ്വഹനത്തിലാണ് പൂനം ഇന്ത്യക്കായി സ്വര്‍ണം നേടിയത്

അച്ഛനും അമ്മാവനും സഹോദരനും പൂനത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അപ്രതീക്ഷിത ആക്രമണത്തില്‍ അവരും താഴെ വീണു. തുടര്‍ന്ന് പോലീസെത്തി സുരക്ഷാ വലയത്തിലാക്കിയാണ് സംഘര്‍ഷത്തില്‍ നിന്ന് പൂനത്തെ രക്ഷിച്ചത്.

സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. പൂനത്തിന്റെ ബന്ധുക്കളും അടുത്ത ഗ്രാമത്തിലെ ഗ്രാമത്തലവനും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതായും പോലീസ് ചൂണ്ടിക്കാട്ടി. ഇതിനിടയില്‍ ഇന്ത്യന്‍ താരം പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയും തുടര്‍ന്ന് ആക്രമിക്കപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പൂനം 100-ലേക്ക് വിളിച്ച് പോലീസ് സുരക്ഷ ആവശ്യപ്പെടുകയായിരുന്നു. 69 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് പൂനം സ്വര്‍ണം നേടിയത്.  സ്‌നാച്ചില്‍ 100 കിലോഗ്രാമും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 122 കിലോഗ്രാമും പൂനം ഉയര്‍ത്തി.

Loading...