കേരളം കാലവർഷക്കെടുതിയിൽ മുഖ്യമന്ത്രി സുഖവാസത്തിൽ; നുണപ്രചാരണങ്ങളുമായി കോൺഗ്രസ്സും

തിരുവനന്തപുരം: അമേരിക്കയിൽ നിപ്പ പ്രതിരോധത്തിനുള്ള ആദരം ഏറ്റുവാങ്ങുവാനും മറ്റ് പൊതുപരിപാടികൾക്കും പോയ മുഖ്യമന്ത്രി കേരളത്തിലെ കാലവർഷക്കെടുതി കാരണം പരിപാടികൾ വെട്ടിചുരുക്കി തിങ്കളാഴ്ച്ച തലസ്ഥാനത്ത് മടങ്ങിയെത്തിയിട്ടും കേരളത്തിലെ കോൺഗ്രസിന്റെ ഐ ടി സെൽ സമൂഹമാധ്യമങ്ങളിലൂടെ നുണപ്രചാരണം നടത്തുന്നു.

മുഖ്യമന്ത്രി തിങ്കളാഴ്ച രാവിലെ 9.30 ന് സെക്രട്ടറിയേറ്റിലെ ഓഫീസിൽ എത്തിയതായി ഇന്നലത്തെ പ്രമുഖ പത്രത്തിൽ പോലും റിപ്പോർട്ടുള്ളപ്പോൾ ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ കെ പി സി സി യുടെ നിയന്ത്രണത്തിലുള്ള ‘ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരള ‘ എന്ന ഫേസ് ബുക്ക് പേജിൽ മുഖ്യമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തി “മഴക്കെടുതിയിൽ കേരളം വീർപ്പുമുട്ടുമ്പോൾ മുഖ്യമന്ത്രി അമേരിക്കയിൽ സുഖവാസത്തിൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പൂർണ്ണ തോതിൽ ഉപയോഗിക്കാൻ കഴിയാതെ ഉദ്യോഗസ്ഥർ വലയുന്നു” എന്ന വാചകങ്ങളോടെ കുറിപ്പ് പോസ്റ്റ് ചെയ്ത് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുവാൻ ശ്രമിച്ചിരിക്കുന്നു .

ഈ മാസം 19 നു കേരളത്തിൽ മടങ്ങിയെത്തുന്ന വിധത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശന സമയക്രമം. എന്നാൽ കേരളത്തിൽ കാലവർഷം ശക്തിപ്പെടുകയും ജനങ്ങൾ ദുരിതത്തിൽ ആകുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രി അമേരിക്കയിലെ പരിപാടികൾ വെട്ടിച്ചുരുക്കി തിങ്കളാഴ്ച രാവിലെ തലസ്ഥാനത്ത് എത്തുകയും 9.30 ഓടെ ഓഫീസിൽ എത്തി ,കാലവർഷക്കെടുതി വിലയിരുത്തുവാൻ കലക്ടർമാരുമായി വീഡിയോ കോൺഫറൻസിൽ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്‌തു.തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിക്കുവാനും നടപടികൾ വേഗത്തിലാക്കുവാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി .അത് കൂടാതെ ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിൽ ദുരിത ബാധിതരായ എല്ലാവർക്കും താൽക്കാലിക ആശ്വാസം എന്ന നിലയിൽ രൂപ വീതം അനുവദിക്കുവാനും തീരുമാനം എടുത്തു.

വസ്തുത ഇങ്ങനെയായിരിക്കെ ഇതെല്ലം മറച്ചു വെച്ച് സംഘപരിവാറിന്റെ നുണഫാക്ടറികൾ ചെയ്യുന്നതുപോലെ സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും സമൂഹമാധ്യമങ്ങൾ വഴി അസത്യ പ്രചാരണം നടത്തുകയാണ് കേരളത്തിലെ കോൺഗ്രസിന്റെ ഐ ടി സെല്ലും. മുൻമുഖ്യമന്ത്രി ജനസമ്പർക്ക പരിപാടി എന്ന തട്ടിപ്പിലൂടെ ജനങ്ങളെ വെയിലത്ത് നിർത്തി സഹായ വിതരണം നടത്തി അത് വലിയ സംഭവമായി പ്രചരിപ്പിച്ചപ്പോൾ നിലവിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അർഹരായ എല്ലാവർക്കും വെയിലത്ത് നിൽക്കാതെ സഹായം ലഭ്യമാക്കുന്നു. അത്തരത്തിൽ രണ്ടുവർഷം പിന്നിടുമ്പോൾ 350 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിൽ നിന്നും വിതരണം ചെയ്തതത് .എന്നിട്ടും കോൺഗ്രസ് ഐ ടി സെൽ ഒരു ലജ്ജയും ഇല്ലാതെ “മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പൂർണ്ണ തോതിൽ ഉപയോഗിക്കാൻ കഴിയാതെ ഉദ്യോഗസ്ഥർ വലയുന്നു..” എന്നൊക്കെ സമൂഹ മാധ്യമങ്ങളിലൂടെ നുണ പ്രചരിപ്പിക്കുന്നു.

ഇ -ഫയലുകൾ ലോകത്തെവിടെ നിന്നും കൈകാര്യം ചെയ്യാമെന്നിരിക്കെ മുഖ്യമന്ത്രി അമേരിക്കയിൽ പോയപ്പോൾ ഇ -ഫയലുകൾ നോക്കാതെ കെട്ടിക്കിടക്കുന്നു എന്ന കെ സി ജോസഫ് അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ചതും ഈ കോൺഗ്രസ് ഐ ടി സെൽ ചുമതലക്കാരന്റെ ഉപദേശപ്രകാരമാണ്.
എന്നാൽ ഓരോ വിഷയത്തിലും സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്ന കേരളത്തിലെ ജനങ്ങൾ ഈ നുണപ്രചാരണങ്ങളെയെല്ലാം തള്ളിക്കളയുകയാണ്