ഈജിപ്ത് പ്രസിഡന്റായി അല്‍ സിസി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

കയ്‌റോ: അബ്ദല്‍ ഫത്താ അല്‍ സിസി ഈജിപ്തിന്റെ പ്രസിഡന്റായി അധികാരമേല്‍ക്കുന്നു. ശനിയാഴ്ച്ചയാണ് അല്‍ സിസി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് അദ്ദേഹം പ്രസിഡന്റ് പദവി അലങ്കരിക്കുന്നത്.

ഈജിപ്ഷ്യന്‍ പാര്‍ലമെന്റിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. 13 വര്‍ഷത്തിന് ശേഷം പാര്‍ലമെന്റില്‍ നടക്കുന്ന ആദ്യ സത്യപ്രതിജ്ഞ ചടങ്ങാണിത്. 2005ല്‍ ഹോസ്‌നി മുബാറക്കാണ് അവസാനമായി സത്യപ്രതിജ്ഞ ചെയ്തത്.

മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആകെ വോട്ടിന്റെ 97% സ്രന്തമാക്കിയാണ് അല്‍ സിസി അധികാരം ഉറപ്പിച്ചത്. ഗാസ് പാര്‍ട്ടിയുടെ മൂസ മുസ്തഫ മൂസയായിരുന്നു അല്‍ സിസിയുടെ മുഖ്യ എതിരാളി. നാല് വര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി.

2013ല്‍ ഈജിപ്തില്‍ ആദ്യമായി ജനാധ്യപത്യമാര്‍ഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയുടെ മുസ്ലിം ബ്രദര്‍ഹുഡ് സര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാളത്തില്‍ ഫീല്‍ഡ് മാര്‍ഷല്‍ കൂടിയായ സിസി ഭരണം പിടിച്ചടക്കി. തൊട്ടടുത്ത വര്‍ഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച് സിസി ആദ്യമായി അധികാരത്തിലെത്തി.