ആരുഷി കേസില്‍ മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് ഹൈക്കോടതി

ഡല്‍ഹി: രാജ്യത്തെ നടുക്കിയ ആരുഷി കൊലപാതകക്കേസില്‍ തല്‍വാര്‍ ദമ്പതികളെ കോടതി വെറുതെ വിട്ടു. സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ മാതാപിതാക്കളായ രാജേഷ് തല്‍വാറും നുപുര്‍ തല്‍വാറും നല്‍കിയ അപ്പീലില്‍ അലഹബാദ് ഹൈക്കോടതിയാണ് വിധി പറഞ്ഞത്. ജഡ്ജിമാരായ ബി.കെ. നാരായണ, എ.കെ. മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഏകമകള്‍ ആരുഷിയെയും വീട്ടുജോലിക്കാരനെയും കൊലപ്പെടുത്തിയ കേസില്‍ ഗാസിയാബാദ് അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ഇരുവരെയും ശിക്ഷിച്ചത്.
രാജേഷ് തല്‍വാറിനും ഭാര്യ നൂപുര്‍ തല്‍വാറിനും ജീവപര്യന്തം തടവാണ് അഡീഷനല്‍ സെഷന്‍സ് കോടതി വിധിച്ചിരുന്നത്. സംശയത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ശിക്ഷിക്കാനാകില്ലെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി ഇവരെ വെറുതെ വിട്ടത്. തല്‍വാര്‍ ദമ്പതികള്‍ക്കെതിരായ തെളിവുകള്‍ അപര്യാപ്തമാണെന്നും കോടതി വിലയിരുത്തി. വിധി പ്രസ്താവത്തോട് അനുബന്ധിച്ച് അലഹബാദ് ഹൈക്കോടതിക്കു പുറത്തു വന്‍സുരക്ഷയാണ് ഒരുക്കിയിരുന്നത്.
ആദ്യം ഉത്തര്‍പ്രദേശ് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐയ്ക്കു കൈമാറുകയായിരുന്നു. സിബിഐയുടെ രണ്ടു സംഘങ്ങളാണ് അന്വേഷണം നടത്തിയത്. ഇതില്‍ രണ്ടാമത്തെ സംഘമാണ് ആരുഷിയുടെ മാതാപിതാക്കള്‍ക്കും കേസില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയത്. എന്നാല്‍ തെളിവുകളില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതു തള്ളിയ മജിസ്‌ട്രേട്ട് കോടതി മാതാപിതാക്കളെ പ്രതിചേര്‍ത്തു വിചാരണ തുടങ്ങാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
തെളിവു നശിപ്പിക്കല്‍, കുറ്റകൃത്യത്തിനായി സംഘം ചേരല്‍ എന്നീ കുറ്റങ്ങള്‍ക്ക് അഞ്ചു വര്‍ഷം തടവുശിക്ഷയും സെഷന്‍സ് കോടതി വിധിച്ചിരുന്നു. മകളെ കൊലപ്പെടുത്തിയത് വീട്ടുജോലിക്കാരനാണെന്ന തെറ്റായ വിവരം നല്‍കി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത കുറ്റത്തിന് രാജേഷിന് ഒരു വര്‍ഷം തടവും വിധിച്ച കോടതി, ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നു വ്യക്തമാക്കിയിരുന്നു. തടവിനു പുറമേ രാജേഷ് 17,000 രൂപയും നൂപുര്‍ 15,000 രൂപയും പിഴയൊടുക്കണമെന്നും ഉത്തരവുണ്ടായിരുന്നു. ഫലത്തില്‍ ഈ വിധികളെല്ലാം അസാധുവായി.

Last Updated: 12th Oct 2017, 5:14 pm