തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്ന് ഉമ്മന്‍ചാണ്ടി

തൃശ്ശൂര്‍: സോളാര്‍ കേസില്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തനിക്ക് ആശങ്കയില്ല. നൂറിരട്ടി ശക്തിയോടെ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ടേംസ് ഓഫ് റഫറന്‍സിലാണോ കണ്ടെത്തലുകള്‍ എന്ന് വ്യക്തമാക്കണം.
പ്രതിപക്ഷം നിയമസഭയില്‍ പോലും ഉന്നയിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. റിപ്പോര്‍ട്ട് പുറത്തുവിടാതെ മുഖ്യമന്ത്രി എങ്ങനെ അന്വേഷണം പ്രഖ്യാപിക്കുമെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. കേസിലെ നടപടികള്‍ കൊണ്ട് തന്നെ തളര്‍ത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസിനെ നിയമപരമായി നേരിടും. ഇപ്പോഴത്തെ നടപടി സര്‍ക്കാരിന് തിരിച്ചടിയാകും. സരിതയുടെ പേരിലുള്ള കത്ത് കൃത്രിമമാണെന്നും അതിനെതിരെ താന്‍ കേസ് കൊടുത്തിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച ടി.കെ. ഹംസ, കമ്മീഷന്‍ കണ്ടെത്തലുകള്‍ പറയുകയും ആറു പേര്‍ക്ക് എതിരെ നടപടി എടുക്കുമെന്നു വേങ്ങരയില്‍ പറഞ്ഞിരുന്നു. ഇതാരാണു ഹംസയോടു പറഞ്ഞത്. കമ്മീഷന്‍ നീണ്ട സിറ്റിങ്ങാണു നടത്തിയത്. എല്ലാ ചോദ്യത്തിനും മറുപടി പറഞ്ഞു. കമ്മീഷന്‍ നിഗമനം പൂര്‍ണമായും പുറത്തു വരണം. എന്തും ചെയ്യാന്‍ അധികാരമുള്ള സര്‍ക്കാര്‍, റിപ്പോര്‍ട്ട് ആദ്യം പുറത്തുവിടട്ടെ. അതില്‍ എന്തു ശുപാര്‍ശയുണ്ടെന്നു പുറത്തുവരട്ടെ. യുഡിഎഫിനും കോണ്‍ഗ്രസ്സിനും എനിക്കും ഇതില്‍ പേടിയുമില്ല. ഉമ്മന്‍ചാണ്ടി പറഞ്ഞു.
സര്‍ക്കാര്‍ നടപടിക്കെതിരെ നിയമപരമായി മുന്നോട്ടുപോകും. സിപിഐഎമ്മിനെപ്പോലെ പ്രക്ഷോഭത്തിലൂടെ നേരിടില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തനിക്കെതിരെ നടപടിക്കു പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല. അതു പുറത്തുവരട്ടെ. ഒരു സാക്ഷിയും തനിക്കെതിരെ മൊഴി കൊടുത്തിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

Last Updated: 11th Oct 2017, 12:31 pm