ഗുര്‍മീതിന്റെ പണമെല്ലാം സുരക്ഷിതമായി കടത്തി

മാനഭംഗ കേസില്‍ ജയിലില്‍ കഴിയുന്ന ഗുര്‍മീതും വളര്‍ത്തുമകള്‍ ഹണിപ്രീതും വ്യാജ കമ്പനികളുടെ പേരില്‍ കോടികള്‍ കടത്തിയതായി റിപ്പോര്‍ട്ട്.സാമൂഹികപ്രവര്‍ത്തനത്തിനെന്ന പേരില്‍ നിര്‍മ്മിച്ച സിനിമകളിലൂടെ കോടിക്കണക്കിനു രൂപ ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്. മാനഭംഗക്കേസില്‍ ശിക്ഷിക്കപ്പെടുന്നതിനു മുന്‍പ് തന്നെ നികുതി വെട്ടിക്കുന്നതിനായി നടത്തിയ തിരിമറികളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഹകികാറ്റ് എന്റര്‍ടയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ദേരാ സച്ച സൗദയ്ക്കുവേണ്ടി സിനിമകള്‍ നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ഈ കമ്പനിയുടെ ഉടമസ്ഥന്‍ ഗുര്‍മീത് റാം റഹിം സിങ്ങാണ്.അഞ്ച് സിനിമകളാണ് ഗുര്‍മീതിന്റെ കമ്പനിയായ ഹകികാറ്റ് പുറത്തിറക്കിയത്.ഹകികാറ്റ് കമ്പനിയുടെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും ദേരായുടെ അനുയായികളാണ്. റിയല്‍ എസ്‌റ്റേറ്റ്,വിനോദ വ്യവസായം തുടങ്ങിയ ബിസിനസ്സുകള്‍ക്കായി ഏകദേശം നാല്‍പതോളം കമ്പനികളാണ് ഗുര്‍മീത് സ്വന്തമായി ആരംഭിച്ചത് ഇതില്‍ പലതിലും ഗുര്‍മീത് തന്നെയായിരുന്നു ഡയറക്ടര്‍.
ആശ്രമത്തിലെ വരുമാനം മുഴുവനും ഗുര്‍മീതിന്റെ കുടുംബത്തിന്റേതായി മാറ്റിയെന്നാണ് കണ്ടെത്തല്‍.പല മേല്‍വിലാസത്തില്‍ ഉള്ള കമ്പനികളാണെങ്കിലും ഡയറക്ടര്‍മാരെല്ലാം ഗുര്‍മീതിന്റെ അനുയായികളാണ്.
ആശ്രമത്തിലെ പണം കൈക്കലാക്കാനുള്ള കേന്ദ്രമായാണ് ഈ കമ്പനികളെയെല്ലാം ഗുര്‍മീത് ഉപയോഗിച്ചിരുന്നത്.ഇക്കാരണത്താല്‍ ആശ്രമത്തില്‍ നടന്ന റെയ്ഡില്‍ ചെറിയ തുകകള്‍ മാത്രമേ പിടിച്ചെടുക്കാന്‍ സാധിച്ചിരുന്നുള്ളു.

Last Updated: 10th Oct 2017, 6:53 pm