സരയു നദീതീരത്ത് കൂറ്റന്‍ ശ്രീരാമ പ്രതിമ

അയോധ്യയെ ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ പദ്ധതിയുടെ ഭാഗമായി സരയു നദീതീരത്ത് 100 മീറ്റര്‍ ഉയരമുള്ള ശ്രീരാമ പ്രതിമ നിര്‍മ്മിക്കും. പദ്ധതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ അംഗീകാരം ലഭിച്ചാലുടന്‍ നിര്‍മാണം ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ശ്രീരാമന്റെ ജന്മഭൂമിയായ അയോധ്യയെ 'നവ അയോധ്യ'യാക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതി ദീപാവലി ആഘോഷങ്ങളോടെ തുടങ്ങും. ഒക്ടോബര്‍ 18ന് നടക്കുന്ന 'ദീപോല്‍സവ'ആഘോഷത്തിന് വിപുലമായ ഒരുക്കങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അയോധ്യയെ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കുന്നതിനു മാത്രമായി കേന്ദ്രം 133.70 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
അയോധ്യയില്‍ തന്നെ ഏകദേശം ഒന്നരലക്ഷത്തിലധികം മണ്‍ചെരാതുകള്‍ തെളിക്കും. കൂടാതെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ദീപാലങ്കാരങ്ങള്‍ ഒരുക്കും. അയോധ്യയെ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കുകയെന്നതാണ് ദീപാവലി ആഘോഷങ്ങളുടെ ലക്ഷ്യം. സരയു നദിയുടെ തീരത്ത് നടക്കുന്ന ആഘോഷങ്ങളില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും.

Last Updated: 10th Oct 2017, 6:52 pm