ഹണി പ്രീതും സഹായിയും മൂന്നുദിവസം റിമാന്‍ഡില്‍

പഞ്ച്കുള: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ അറസ്റ്റിനെ തുടര്‍ന്ന് പഞ്ച്കുളയില്‍ കലാപമുണ്ടാക്കിയ കേസില്‍ ഹണിപ്രീതിനെ മൂന്നു ദിവസത്തേക്ക് പൊലീസ് റിമാന്‍ഡില്‍ വിട്ടു. ഹണിപ്രീത് ഇന്‍സാനൊപ്പം പിടിയിലായ സഹായി സുഖ്ദീപ് കൗറിനെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്. പഞ്ച്കുള കോടതിയാണ് ഇരുവരെയും മൂന്നുദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടത്.
പഞ്ച്കുളയില്‍ അക്രമം അഴിച്ചുവിടുന്നതിന് ഗുര്‍മീതിന്റെ വളര്‍ത്തുമകളായ ഹണീപ്രീത് 1.25 കോടി രൂപ നല്‍കിയെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. അറസ്റ്റിലായ ഗുര്‍മീതിനെ ജയിലില്‍ കൊണ്ടുപോകുന്ന വഴി രക്ഷപ്പെടുത്താനും ഹണീപ്രീത് ഇന്‍സാന്‍ ശ്രമിച്ചിരുന്നു.
സംഘടനയുടെ പണം പ്രധാനമായും കൈകാര്യം ചെയ്തിരുന്നത് ഹണിപ്രീതായിരുന്നു. കോടതിവിധി വരുന്നതിനുമുമ്ബ് ആഗസ്റ്റ് 17ന് നടന്ന ഗൂഢാലോചനയില്‍ ഹണീപ്രീത് പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചിരുന്നു. ഗൂഢാലോചനയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനാണ് പൊലീസ് ഇവരെ റിമാന്‍ഡ് ചെയ്തത്. ഗൂഢാലോചനയില്‍ ഹണിപ്രീതിന്റെ കൂട്ടുപ്രതിയായ ദേര വക്താവ് ആദിത്യ ഇന്‍സാനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

Last Updated: 10th Oct 2017, 5:43 pm