മകളെ രക്ഷിക്കാന്‍ ശ്രമിച്ചതാണോ ഞാന്‍ ചെയ്ത തെറ്റ്?

തിരുവനന്തപുരം: ഹാദിയ കേസില്‍ സര്‍ക്കാരിനെയും സംസ്ഥാന വനിതാ കമ്മീഷനെയും വിമര്‍ശിച്ച് ഹാദിയയുടെ അച്ഛന്‍ അശോകന്‍ രംഗത്തെത്തി. എന്‍.ഐ.എ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്തിനെന്ന് തനിക്ക് മനസിലാകുന്നില്ല. സ്വന്തം മകളെ രക്ഷിക്കാന്‍ കോടതിയില്‍ പോയതാണോ താന്‍ ചെയ്ത തെറ്റെന്നും ചോദിച്ചു.
ചില നേതാക്കള്‍ തനിക്കെതിരെ വിമര്‍ശനമുന്നയിക്കുന്നത് എന്തറിഞ്ഞിട്ടാണെന്ന് മനസിലാകുന്നില്ല. സര്‍ക്കാരില്‍ നിന്നും തനിക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കണ്ണടച്ചിരിക്കരുത്. സര്‍ക്കാര്‍ എല്ലാവരുടെയുമാണെന്ന് ഓര്‍ക്കണമെന്നും 21 കുട്ടികള്‍ ഐസിസിലേക്ക് പോയത് എവിടെ നിന്നാണെന്ന് മറക്കരുതെന്നും അശോകന്‍ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ സംസാരിക്കാനില്ലെന്നും പറയാനുള്ളതെല്ലാം കോടതിയില്‍ പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മതപരിവര്‍ത്തന വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് നീതിപൂര്‍വമായ വിധി പ്രതീക്ഷിക്കുന്നുവെന്ന് ഐസിസില്‍ ചേര്‍ന്നെന്ന് കരുതുന്ന തിരുവനന്തപുരം മണക്കാട് സ്വദേശിനി നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു പ്രതികരിച്ചു. അന്വേഷണ ഏജന്‍സികളില്‍ നിന്ന് നീതി കിട്ടാത്തതിനാലാണ് താന്‍ കോടതിയെ സമീപിച്ചത്. മതംമാറ്റത്തെ അല്ല താന്‍ എതിര്‍ക്കുന്നത്, അതിനുപിന്നിലെ ഗൂഢശ്രമങ്ങളാണ് പുറത്ത് വരേണ്ടത്. കോടതി മാതാപിതാക്കളുടെ ആശങ്ക കാണുമെന്നാണ് പ്രതീക്ഷയെന്നും ബിന്ദു ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
ഇസ്ലാം മതം സ്വീകരിച്ച വൈക്കം സ്വദേശിയായ അഖില എന്ന ഹാദിയയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട കേസില്‍ ഇവരുടെടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് കഴിയുന്നത് എങ്ങനെയാണെന്ന് സുപ്രീംകോടതി ചോദിച്ചു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയതു കൊണ്ടു മാത്രം വിവാഹം റദ്ദാക്കാനാവുമോയെന്നും കോടതി ചോദിച്ചു. ഹാദിയയുടെ കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. വിവാഹം റദ്ദാക്കിയത് സംബന്ധിച്ച് ഹാദിയയുടെ ഭാഗം കേള്‍ക്കുമെന്നും കോടതി പറഞ്ഞു. കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

Last Updated: 9th Oct 2017, 8:51 pm