നൊബേല്‍ പുരസ്‌കാരം റിച്ചാര്‍ഡ് എച്ച് തെയ്‌ലര്‍ക്ക്

സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ വിദഗ്ധന്‍ ഡോ.റിച്ചാര്‍ഡ് എച്ച് തെയ്‌ലെര്‍ (72) ക്ക്. ബിഹേവിയറല്‍ ഇക്കണോമിക്‌സിലെ നിര്‍ണായക സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. സാമ്പത്തികരംഗവുമായി ബന്ധപ്പെട്ടുണ്ടായ തീരുമാനങ്ങളെടുക്കുമ്‌ബോള്‍ അതോടൊപ്പം മനഃശാസ്ത്രപരമായി കൃത്യമായ നിഗമനങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണ് തെയ്‌ലറുടെ നേട്ടമെന്ന് നൊബേല്‍ സമിതി വിലയിരുത്തി. റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 11 ലക്ഷം ഡോളറാണ് സമ്മാനത്തുക. ഇതോടെ ഈ വര്‍ഷത്തെ എല്ലാ നൊബേല്‍ സമ്മാനങ്ങളും പ്രഖ്യാപിച്ചു. ഇന്ത്യയുടെ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ സാമ്ബത്തിക നൊബേലിന്റെ ഊഹപ്പട്ടികയില്‍ ഇടം നേടിയിരുന്നു. 1945 സെപ്റ്റംബര്‍ 12ന് ന്യൂജഴ്‌സിയില്‍ ജനിച്ച തെയ്‌ലര്‍ നിലവില്‍ ഷിക്കാഗോ സര്‍വകലാശാലയിലെ ബിഹേവിയറല്‍ സയന്‍സ് ആന്‍ഡ് എക്കണോമിക്‌സ് വിഭാഗത്തില്‍ പ്രഫസറാണ്. ദ് വിന്നേഴ്‌സ് കഴ്‌സ്, അഡ്വാന്‍സസ് ഇന്‍ ബിഹേവിയറല്‍ ഫിനാന്‍സ്, ഉള്‍പ്പെടെയുള്ള നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

Last Updated: 9th Oct 2017, 6:03 pm