കേരളത്തെ പ്രശംസിച്ച് രാഷ്ട്രപതി

കൊല്ലം: മതസൗഹാര്‍ദത്തില്‍ കേരളത്തെ മാതൃകയാക്കണമെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. സംസ്‌കാരവും മൂല്യങ്ങളും സംരക്ഷിക്കുന്നതില്‍ കേരളത്തിന്റെ സംഭാവനകള്‍ നിസ്തുലമാണെന്നും അദ്ദേഹം കൊല്ലത്തു പറഞ്ഞു. അമൃതപുരിയില്‍ മാതാ അമൃതാനന്ദമയിയുടെ അറുപത്തിനാലാം ജന്‍മദിനാഘോഷങ്ങളില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. രാവിലെ തിരുവനന്തപുരത്തെത്തിയ അദ്ദേഹത്തെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്ഥാനം സ്വീകരിച്ചത്.
മാതാ അമൃതാനന്ദമയി മഠം സാമൂഹ്യ പരിഷ്‌കരണത്തിനു നടത്തുന്ന മൂന്നു പദ്ധതികള്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ചുകൊണ്ടാണ് കേരളത്തെ രാഷ്ട്രപതി പ്രശംസിച്ചത്. മതനിരപേക്ഷതയുടെ കാര്യത്തിലും സാംസ്‌കാരിക സംരക്ഷണത്തിലും കേരളത്തെ കണ്ടു പഠിക്കാന്‍ ഏറെയുണ്ട്. രാജ്യത്തിന്റെ നെടുംതൂണായ സാംസ്‌കാരിക സംരക്ഷണത്തിന് ഏറെ പ്രയത്‌നിച്ച നാടാണ് കേരളമെന്നും റാം നാഥ് കോവിന്ദ് പറഞ്ഞു. എല്ലാവര്‍ക്കും ഒരേപോലെ ജീവിത സൗകര്യങ്ങള്‍ നല്‍കുന്നതും സാധാരണക്കാരുടെ ജീവിതത്തില്‍ പരിവര്‍ത്തനം വരുത്തുന്നതുമാണ് ആധ്യാത്മികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ രംഗത്ത് അമൃതാനന്ദമയീ മഠം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണ്. സാധാരണക്കാരുടെ ജീവിതത്തിനാണ് മഠം പരിവര്‍ത്തനം വരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിയായതിനു ശേഷം തന്റെ ആദ്യ സന്ദര്‍ശനം ലഡാക്കിലേക്കായിരുന്നു. രാജ്യത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ലഡാക്കില്‍ നമ്മുടെ ധീര സൈനികര്‍ നടത്തുന്ന ഐതിഹാസിക ജീവിതമാണ് അവിടെ കണ്ടത്. രണ്ടാമതായി വന്നതു കേരളത്തിലാണ്. കേരളം ആധ്യാത്മികതയുടെയും ശാസ്ത്രത്തിന്റെയും മികച്ച സമ്മേളന വേദിയാണ്. ശ്രീശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ആധ്യാത്മികതയ്‌ക്കൊപ്പം സാമൂഹ്യ പരിഷ്‌കരണത്തിലും ഒരേപോലെ പരിവര്‍ത്തനം സൃഷ്ടിച്ചവരാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
മതസൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ പാരമ്പര്യം ഉജ്വലമാണെന്ന് രാഷ്ട്രപതി പ്രകീര്‍ത്തിച്ചു. െ്രെകസ്തവര്‍ ഇന്ത്യയില്‍ ആദ്യമെത്തിയത് കേരളത്തിലാണ്. ആദ്യ മുസ്ലീം പള്ളിയും കേരളത്തിലാണുണ്ടായത്. ജൂതരും റോമാക്കാരും എല്ലാം കേരളത്തിലെത്തി. ഇവരൊക്കെ പരസ്പര ധാരണയോടെ ഓരോരുത്തരുടെയും വിശ്വാസത്തെ ആദരിച്ചു ജീവിച്ചു. ഈ പാരമ്പര്യം തികച്ചും അഭിമാനാര്‍ഹമാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

Last Updated: 8th Oct 2017, 9:44 pm