ബിജെപിയുടെ ഏത് വെല്ലുവിളിയെയും നേരിടാന്‍ ഒരുക്കമാണ്

തിരുവനന്തപുരം: കേരളത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് അമിത് ഷായുടെ ഉദ്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനെ കീഴപ്പെടുത്താനെത്തിയ അമിത് ഷായ്ക്ക് ഒറ്റ രാത്രി കൊണ്ട് നാടുവിടേണ്ടി വരും. കേരളത്തിന്റെ ഉള്‍ക്കൊമ്പിനോട് മുട്ടിനോക്കിയപ്പോഴാണ് ബിജെപി അധ്യക്ഷന് കാര്യം മനസിലായതെന്നും പിണറായി പറഞ്ഞു. ബിജെപി ഉയര്‍ത്തുന്ന ഏതു വെല്ലുവിളിയെയും നേരിടാന്‍ ഒരുക്കമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം ഏഴു വര്‍ഷം സ്വന്തം സംസ്ഥാനത്ത് പ്രവേശിക്കാന്‍ സുപ്രീംകോടതി വിലക്കുകയും ഭീകരനെന്ന് വിധിക്കുകയും ചെയ്ത അമിത് ഷായാണ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ യാത്ര നടത്തുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. കേരളത്തിന്റെ സാമൂഹ്യജീവിതത്തിന്റെയോ നവോത്ഥാനത്തിന്റെയോ നേട്ടങ്ങള്‍ മനസിലാകാത്തവരാണ് പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയോടനുബന്ധിച്ചുള്ള ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.
അമിത് ഷാ ആട്ടിന്‍ തോലിട്ട ചെന്നായയാണെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. ഗുജറാത്തില്‍ നടന്ന വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയവരാണ് നരേന്ദ്രമോദിയും അമിത് ഷായുമെന്ന് കോടിയേരി പറഞ്ഞു. വംശഹത്യയുടെ ചോരക്കറ പുരണ്ടവരാണ് കേരളത്തെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളമടക്കം സിപിഐഎമ്മിന് സ്വാധീനമുള്ള എല്ലാ സംസ്ഥാനങ്ങളിലും അക്രമവും കൊലപാതകങ്ങളുമാണ് നടക്കുന്നതെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.

Last Updated: 7th Oct 2017, 10:00 pm