കോണ്‍ഗ്രസുമായി യോജിക്കുന്നതില്‍ തെറ്റില്ലെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് തൊട്ടുകൂടാത്തവരാണെന്ന ധാരണ ഇല്ലെന്നും രാജ്യത്തെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടിനെ സിപിഎം എതിര്‍ത്തതിന് പിന്നാലെയാണ് കാനം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കന്നത്. ഇക്കാര്യത്തില്‍ സിപിഐയുടെ നിലപാട് പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്ത ശേഷം പ്രഖ്യാപിക്കുമെന്നും കാനം പറഞ്ഞു.
ബിജെപിയുടെ വര്‍ഗീയ നയങ്ങളെ പ്രതിരോധിക്കുന്നതിന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മറ്റു കക്ഷികളെ മാറ്റി നിര്‍ത്തേണ്ടതില്ല. എന്നാല്‍ തിരഞ്ഞെടുപ്പുകളില്‍ നിലപാടുകള്‍ വ്യത്യസ്തമാണെന്ന് അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിലേക്ക് പുതിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചിട്ടില്ല. നിലവില്‍ എല്‍ഡിഎഫിന് അപകടരമായ അവസ്ഥ ഒന്നുമില്ല. അപകടമുണ്ടെങ്കിലല്ലേ അയല്‍ക്കാരെ വിളിച്ചു കൂട്ടേണ്ടതുള്ളൂ.
കേരളം ജിഹാദികളുടെ നാടാണെന്ന് ആക്ഷേപിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ, ഏഴ് വര്‍ഷം സ്വന്തം സംസ്ഥാനത്തു നിന്ന് സുപ്രീംകോടതി പുറത്താക്കിയ സംഭവം മറക്കരുത്. സംസ്ഥാനത്ത് നുഴഞ്ഞു കയറി സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപി ദേശീയ നേതാക്കള്‍ കേരളത്തിലെ ജാഥയിലൂടെ ശ്രമിച്ചത്. കേരളത്തെ ജനങ്ങളെ ഒന്നാകെ അപമാനപ്പെടുത്താനായിരുന്നു ബിജെപിയുടെ ശ്രമമെന്നും കാനം ആരോപിച്ചു.

Last Updated: 7th Oct 2017, 2:35 pm