ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി

ഡല്‍ഹി: ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. െ്രെകംബ്രാഞ്ച് നടത്തിയത് വസ്തുനിഷ്ഠമായ അന്വേഷണമാണ്. എന്‍ഐഎ അന്വേഷണം വേണമെങ്കില്‍ അറിയിക്കുമായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
എന്‍ഐഎ അന്വേഷണത്തിനു കഴിഞ്ഞമാസം പതിനാറിനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. സുപ്രീം കോടതി മുന്‍ ജഡ്ജി ആര്‍.വി.രവീന്ദ്രന്‍ മേല്‍നോട്ടം വഹിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ചുമതലയേല്‍ക്കാന്‍ തനിക്കാവില്ലെന്ന് ജസ്റ്റിസ് രവീന്ദ്രന്‍ കോടതിയെ അറിയിക്കുകയായിരുന്നു. വൈക്കം സ്വദേശി അശോകന്റെ മകള്‍ അഖിലയാണ് മതം മാറി ഹാദിയ ആയത്. ഹോമിയോ വിദ്യാഭ്യാസത്തിനായി സേലത്ത് കോളെജില്‍ പഠിക്കുമ്പോഴായിരുന്നു മതം മാറ്റം. ഇതിനു ശേഷം അവര്‍ കഴിഞ്ഞ ഡിസംബറില്‍ ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചു. ഈ വിവാഹം കഴിഞ്ഞ മേയില്‍ ഹൈക്കോടതി റദ്ദാക്കി. ഷെഫിന്‍ ജഹാന്റെ അപ്പീലിലാണു സുപ്രീം കോടതി എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഹാദിയയ്ക്ക് തീരുമാനം എടുക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ഹാദിയയെ സംരക്ഷിക്കാനുള്ള അവകാശം പിതാവിന് മാത്രമല്ല. 24 വയസുള്ള പെണ്‍കുട്ടിക്ക് സ്വന്തം ജീവിതം തെരഞ്ഞെടുപ്പിനുള്ള അവകാശമുണ്ട്. ആവശ്യമെങ്കില്‍ ഹാദിയയ്ക്ക് കസ്‌റ്റോഡിയനെ നിയമിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിവാഹം റദ്ദാക്കാനുള്ള അധികാരം ഹൈകോടതിക്കുണ്ടോയെന്ന് പരിശോധിക്കുമെന്നും കോടതി പറഞ്ഞിരുന്നു.

Last Updated: 7th Oct 2017, 12:06 pm