ചെറുകിട വ്യാപാരികള്‍ക്ക് ജിഎസ്ടി ഇളവ്

ഡല്‍ഹി: ചെറുകിട വ്യാപാരികള്‍ക്ക് ജിഎസ്ടി ഇളവ് പ്രഖ്യാപിക്കാന്‍ ധാരണ. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. ഒരുകോടി രൂപ വരെ വിറ്റുവരവുള്ളവര്‍ക്ക് പ്രതിമാസ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട. നിലവില്‍ 75 ലക്ഷമായിരുന്നു പരിധി. ജിഎസ്ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്തതായി ആന്ധ്ര ധനമന്ത്രി അറിയിച്ചു. കയറ്റുമതിക്കാര്‍ക്ക് നികുതി തിരിച്ചുകിട്ടാന്‍ വേഗത്തില്‍ നടപടിയുണ്ടാകും. ഉത്പന്നം സംഭരിക്കുമ്പോള്‍ തന്നെ നികുതി ഒഴിവാക്കി നല്‍കും. ചെറുകിട വ്യാപാരികള്‍ മൂന്ന് മാസത്തിലൊരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയാകും.
സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്കകള്‍ക്കിടെ നിര്‍ണായക ജി എസ് ടി യോഗം ഡല്‍ഹിയില്‍ തുടരുകയാണ്. അറുപതോളം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കുന്നതുള്‍പ്പടെ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുന്ന തീരുമാനങ്ങള്‍ യോഗത്തില്‍ കൈക്കൊള്ളും. പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി ആദ്യം കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കണമെന്നും. അതിനു ശേഷം ജി എസ് ടി പരിധിയില്‍ കൊണ്ടുവരുന്നത് ആലോചിക്കാമെന്നും ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.
നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് ഒരു മാസത്തില്‍ ഒരിക്കല്‍ എന്നുള്ളത് മൂന്ന് മാസത്തിലൊരിക്കല്‍ എന്നാക്കണമെന്ന് വ്യാപാരികളും വ്യവസായികളും ആവശ്യമുന്നയിച്ചിരുന്നു. മൂന്നു മാസം കഴിഞ്ഞിട്ടും ചരക്ക് സേവന നികുതി നടപ്പിലാക്കിയതിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പുതിയ നികുതി സംവിധാനം രാജ്യത്തെ ചെറുകിട വാണിജ്യ വ്യവസായ മേഖലയിലുണ്ടാക്കിയ പ്രശ്‌നങ്ങള്‍ സംബന്ധിച്ചും സര്‍ക്കാര്‍ നടപടികള്‍ ഉണ്ടായേക്കുമെന്ന് സൂചന ഉണ്ടായിരുന്നു. ചെറുകിട മേഖലയ്ക്കുണ്ടായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിഹരിക്കാന്‍ കൗണ്‍സിലിന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Last Updated: 6th Oct 2017, 5:09 pm