നിയമം ലംഘിച്ച് കുവൈറ്റില്‍ കഴിയുന്നത് 75,000 വിദേശികള്‍

കുവൈറ്റ്: വിവിധ നിയമങ്ങള്‍ ലംഘിച്ച് ഏകദേശം 75,000 വിദേശികള്‍ കുവൈറ്റില്‍ കഴിയുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. റസിഡന്‍ഷ്യല്‍ മേഖലകളിലും വ്യവസായ പ്രദേശങ്ങളിലും കൃഷി, ആടുവളര്‍ത്തല്‍ കേന്ദ്രങ്ങളിലുമാണ് നിയമം ലംഘിച്ച് ഇവര്‍ കഴിയുന്നത്. ഇവരെ എത്രയും വേഗം കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കുവൈറ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 31,000 വിദേശികളെ നാടുകടത്തിയിരുന്നു. അതനുസരിച്ച് ദിവസം ശരാശരി 85 പേരെയും പതിനഞ്ച് മിനിറ്റിനുള്ളില്‍ ഒരാളെയും നാടുകടത്തിയെന്നാണ് കണക്ക്. കഴിഞ്ഞവര്‍ഷം നാടുകടത്തപ്പെട്ടവരില്‍ 24 ശതമാനം ഇന്ത്യക്കാരാണ്. ഈജിപ്തുകാര്‍ 20 ശതമാനവും ഫിലിപ്പീന്‍സുകാര്‍ 15 ശതമാനവും ഇത്യോപ്യക്കാര്‍ 14 ശതമാനവുമുണ്ട്.
ഏഴു ശതമാനം ശ്രീലങ്കക്കാരും ആറുശതമാനം ബംഗ്ലദേശുകാരും ഇക്കൂട്ടത്തില്‍ ഉണ്ട്. ആറ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് നാടുകടത്തപ്പെട്ടവരില്‍ 86 ശതമാനവും. ആരോഗ്യക്ഷമതയില്ലാത്തതിന്റെ പേരില്‍ നാടുകടത്തപ്പെട്ടവരാണ് പതിനായിരം പേര്‍. മെഡിക്കല്‍ പരിശോധനയില്‍ അയോഗ്യരായവരെ സംബന്ധിച്ച് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു നാടുകടത്തല്‍. എയ്ഡ്‌സ് ബാധിതരായ 15 പേരെയും നാടു കടത്തി. ആരോഗ്യപരമായ കാരണത്താല്‍ നാടുകടത്തപ്പെട്ട അറബ് വംശജരില്‍ അധികവും ഹെപ്പറ്റൈറ്റിസ് ബാധിതരാണ്.
താമസാനുമതി നിയമം, തൊഴില്‍ നിയമം എന്നിവയ്ക്ക് പുറമെ ഗതാഗത നിയമം ലംഘിച്ചവര്‍, തട്ടിപ്പുകാര്‍, ലഹരിവസ്തുക്കള്‍ ഇടപാട് നടത്തിയവര്‍, മദ്യവില്‍പന തുടങ്ങിയവയ്ക്ക് പിടിയിലായവരും നാടുകടത്തപ്പെട്ടവരിലുണ്ട്. നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നവരെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഒരാഴ്ചയ്ക്കകം കയറ്റിവിടാന്‍ ശ്രമിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. യാത്രാരേഖയും ടിക്കറ്റും ക്രമപ്പെടുത്തുന്നതിനാണ് ഒരാഴ്ച സമയമെടുക്കുന്നത്.
ജയിലിനകത്തെ ട്രാവല്‍ ഓഫിസില്‍ നിന്ന് ടിക്കറ്റെടുത്തും യാത്രാരേഖകള്‍ സമയത്ത് ഹാജരാക്കിയും ചില സ്‌പോണ്‍സര്‍മാര്‍ സഹകരിക്കാറുണ്ട്. അത്തരക്കാരെ മൂന്നുദിവസത്തിനകം കയറ്റി അയയ്ക്കാനാകും. നാടുകടത്തല്‍ കേന്ദ്രത്തില്‍ മൂന്നും നാലും മാസം കഴിയേണ്ടിവരുന്നുവെന്ന് പരാതിപ്പെടുന്നവര്‍ അവര്‍ക്കെതിരായ കേസുകള്‍ തീര്‍പ്പാകാത്തതാണ് കാരണമെന്നത് അറിയാതെയാണ് പരാതിപ്പെടുന്നത്. കേസുണ്ടെങ്കില്‍ കോടതി വിധി വരാതെ നാടുകടത്തല്‍ സാധ്യമാകില്ലെന്നും അധികൃതര്‍ പറഞ്ഞു.

Last Updated: 6th Oct 2017, 11:50 am