അരുണാചല്‍പ്രദേശില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് മരണം

അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തവാങ്ങിലാണ് വ്യോമസേനയുടെ എംഐ17 വി5 വിമാനം തകര്‍ന്നുവീണത്. പരിശീലന പറക്കലിനിടെയായിരുന്നു അപകടം. ഹെലികോപ്റ്ററില്‍ 7 പേരാണ് ഉണ്ടായിരുന്നത്. അഞ്ച് പേര്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും രണ്ട് സൈനികരുമാണ്. രാവിലെ 6 മണിയോടെയായിരുന്നു അപകടം. ഈ മാസം എട്ടിന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ സന്ദര്‍ശിക്കാനിരുന്ന ചുന പോസ്റ്റിന് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
2011 ഏപ്രിലില്‍ തവാങ്ങില്‍ എംഐ 17 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 17 പേരാണ് മരിച്ചത്. പൈലറ്റും മറ്റ് അഞ്ച് പേരും ഈ അപകടത്തില്‍ അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഈവര്‍ഷം സെപ്തംബര്‍ 28ന് തെലങ്കാനയിലെ കീസര മേഖലയില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നുവീണിരുന്നു. ജൂലൈയില്‍ വ്യോമസേനയുടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ അരുണാചല്‍ പ്രദേശിലെ ഹോസ്റ്റലാം ഗ്രാമത്തില്‍ വെച്ച് തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചിരുന്നു.

Last Updated: 6th Oct 2017, 11:21 am