ദിലീപിനെ വിമര്‍ശിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്‍മാറണമെന്ന് വെള്ളാപ്പള്ളി

പത്തനംതിട്ട : നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വിമര്‍ശിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്‍മാറണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ദിലീപിനെ ഇങ്ങനെ ക്രൂശിക്കരുത് എന്നാണ് വെള്ളാപ്പള്ളി നടേശന്റെ ആവശ്യം. അടൂരില്‍ എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വ പരിശീലന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.
നടി ആക്രമിക്കപ്പെട്ട സംഭവം മാത്രമല്ല ഇവിടത്തെ പ്രശ്‌നം എന്നാണ് വെള്ളാപ്പള്ളിയുടെ അഭിപ്രായം എന്ന് തോന്നുന്നു. ദിലീപിനെ വിമര്‍ശിക്കുന്നതില്‍ നിന്ന് പിന്‍മാറി മറ്റ് അനീതികളും അക്രമങ്ങളും കൂടി റിപ്പോര്‍ട്ട് ചെയ്യണം എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെടുന്നത്. ദിലീപിനെ വിമര്‍ശിക്കുന്നതിലൂടെ ലാഭം ഉണ്ടാക്കുന്നത് മാധ്യമങ്ങളാണ് എന്ന രീതിയിലും അദ്ദേഹം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. റേറ്റിങ് കൂട്ടുന്നതിന് വേണ്ടിയാണ് ദിലീപിന്റെ വാര്‍ത്തകള്‍ കൊടുക്കുന്നത് എന്നാണ് ആക്ഷേപം.

Last Updated: 12th Aug 2017, 9:15 pm