അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി മണി

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. വിവാദങ്ങള്‍ ഉണ്ടാക്കുന്നത് നല്ലതിനല്ലെന്നും പദ്ധതി കേരളത്തിന്റെ ഭാവിക്ക് നല്ലതെന്നും എംഎം മണി പറഞ്ഞു. വൈദ്യുതിയുടെ കാര്യം വരുമ്പോള്‍ ചിലര്‍ പരിസ്ഥിതിയുമായി മുന്നോട്ട് വരുന്നു. എല്ലാവരും യോജിച്ച് സമവായമുണ്ടായാല്‍ പദ്ധതിയുമായി മുന്നോട്ട് പോകും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനോട് പൂര്‍ണ യോജിപ്പെന്നും മന്ത്രി മണി പറഞ്ഞു.
അതിരപ്പിളളി പദ്ധതിയില്‍ സമവായ ചര്‍ച്ച വേണം. പൊതുചര്‍ച്ച നടത്തി അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷം പദ്ധതി നടപ്പിലാക്കിയാല്‍ മതിയെന്നാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. പദ്ധതി ഒരു തരത്തിലും നടത്താന്‍ അനുവദിക്കില്ലെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടിന് വിരുദ്ധമായ നിലപാടാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നുവെന്നാണ് മന്ത്രി മണി പറഞ്ഞത്.
പദ്ധതി കേരളത്തിന്റെ ഭാവിക്ക് നല്ലതാണെന്ന് മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും കറന്റ് ആവശ്യമാണെന്നും എന്നാല്‍ പദ്ധതി വരുമ്പോള്‍ വിവാദങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Last Updated: 12th Aug 2017, 2:10 pm