മുരുകന്റെ കുടുംബത്തെ കേരള സര്‍ക്കാര്‍ ഏറ്റെടുക്കണം

ആശുപത്രികള്‍ ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ മരിച്ച മുരുകന്റെ കുടുംബത്തിന് കേരള സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് ബന്ധുക്കള്‍. മുരുകന്റെ മരണത്തോടെ അനാഥരായ ഭാര്യയുടെയും രണ്ട് മക്കളുടെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ആവശ്യം. രക്ഷിക്കാമായിരുന്ന ജീവനാണ് ആശുപത്രികളുടെ നിസഹകരണം കാരണം നഷ്ടപ്പെട്ടതെന്ന് ബന്ധു വേലു പറഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്നിട്ടും ചികില്‍സ നിഷേധിക്കപ്പെട്ട് ഏഴു മണിക്കൂറോളം വിവിധ ആശുപത്രികള്‍ക്കു മുന്നില്‍ കാത്തു കിടക്കേണ്ടിവന്നതാണ് മുരുകനെ നഷ്ടപ്പെടാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതിനൊപ്പം കുടുംബത്തിന് വേണ്ട സംരക്ഷണവും സര്‍ക്കാര്‍ ഒരുക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. ഭാര്യ പാപ്പയ്ക്കും പത്തുവയസില്‍ താഴെ മാത്രം പ്രായമുള്ള രണ്ട് ആണ്‍കുട്ടികളും ജീവിതം വഴിമുട്ടിയ നിലയിലാണ്. സ്വന്തമായി വീടോ, വസ്തുവോ ഇല്ല. ബന്ധുക്കളുടെ കാരുണ്യത്തിലാണ് ഇപ്പോഴത്തെ ജീവിതം.
ചികില്‍സ നല്‍കാന്‍ സ്വകാര്യ ആശുപത്രികള്‍ വിസമ്മതിച്ചതിനെതുടര്‍ന്നാണു നാഗര്‍കോവില്‍ സ്വദേശി മുരുകന്‍ (47) ആംബുലന്‍സില്‍വച്ച് മരിച്ചത്. ഞായറാഴ്ച രാത്രി 11നു കൊല്ലം ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍, പിന്നാലെ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം. ഏഴ് മണിക്കൂറോളം ആംബുലന്‍സില്‍ കഴിഞ്ഞ ശേഷമായിരുന്നു മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വെന്റിലേറ്റര്‍ ലഭ്യമായില്ല.നാട്ടുകാരും ട്രാഫിക് വൊളന്റിയര്‍മാരും ചേര്‍ന്നു മുരുകനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെന്റിലേറ്റര്‍ ഇല്ലെന്നു പറഞ്ഞു മടക്കി.
ഇവിടെനിന്നു വെന്റിലേറ്ററുള്ള ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെയും വെന്റിലേറ്റര്‍ ഇല്ലെന്നു പറഞ്ഞു തിരിച്ചയച്ചു. തിരികെ വന്നു കൊല്ലം നഗരത്തിലെ പല സ്വകാര്യ ആശുപത്രികളിലും കൊണ്ടുപോയെങ്കിലും ഒപ്പം ബന്ധുക്കളാരും ഇല്ലെന്നും വെന്റിലേറ്റര്‍ ഒഴിവില്ലെന്നും പറഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു. തുടര്‍ന്നു കൊല്ലം ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും പുലര്‍ച്ചെ ആറിനു മരിച്ചു. പശുക്കറവ ജോലിക്കായാണ് മുരുകനും സുഹൃത്തും കൊല്ലത്തെത്തിയത്.
മുരുകന്റെ കുടുംബത്തോട് കേരളത്തിന് വേണ്ടി മാപ്പുചോദിക്കുന്നുവെന്ന് മുഖ്യമന്ത്രി സഭയില്‍ അറിയിച്ചിരുന്നു. അഞ്ച് ആശുപത്രികളില്‍ നിന്നും ചികിത്സ കിട്ടാത്തത് അതിക്രൂരമാണ്. നാടിനാകെ അപമാനമുണ്ടാക്കിയ സംഭവമാണിത്. ആവര്‍ത്തിക്കാതിരിക്കാന്‍ നിയമനിര്‍മ്മാണം വേണമെങ്കില്‍ അതുംചെയ്യും. ഇനിയൊരു ദാരുണ സംഭവം ഉണ്ടാകാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു ആശുപത്രികളില്‍ നിന്നും ചികിത്സ നിഷേധിച്ച സംഭവം ഗുരുതര വീഴ്ചയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയും നിയമസഭയില്‍ വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വെന്റിലേറ്ററുകള്‍ ഒഴിവില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Last Updated: 12th Aug 2017, 12:11 pm