ദിലീപ് നല്‍കിയ ആക്ഷേപങ്ങള്‍ക്ക് കോടതിയില്‍ തന്നെ മറുപടി നല്‍കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒരു മാസമായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് കോടതിയില്‍ തന്നെ മറുപടി നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പള്‍സര്‍ സുനി കത്തയച്ചതു സംബന്ധിച്ച് ദിലീപ് പരാതി നല്‍കിയിരുന്നുവെന്ന കാര്യം ഡിജിപി സ്ഥിരീകരിച്ചു. ഇത് എപ്പോഴാണെന്ന കാര്യവും ഇതുമായി ബന്ധപ്പെട്ട് എന്തു നടപടിയാണ് സ്വീകരിച്ചതെന്നതും അന്വേഷണത്തിന്റെ ഭാഗമാണ്. ഇക്കാര്യങ്ങളെല്ലാം കോടതിയില്‍ വ്യക്തമാക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണം നടത്താന്‍ സാധിക്കില്ല. കോടതിയുടെ പരിഗണനയിലുള്ള കേസാണിത്. കോടതിയാണ് തീരുമാനം എടുക്കേണ്ടതെന്നും ഡിജിപി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ടു സിനിമാ മേഖലയിലെ ചിലര്‍ തനിക്കെതിരെ നീങ്ങുന്നുണ്ടെന്നും അവര്‍ ഒന്നാംപ്രതി സുനില്‍കുമാറിനെ (പള്‍സര്‍ സുനി) സമീപിച്ചുവെന്നും അറിയിച്ചു വിഷ്ണു എന്നയാള്‍ തന്റെ സുഹൃത്ത് നാദിര്‍ഷായ്ക്ക് 2017 ഏപ്രില്‍ 10നു ഫോണ്‍ ചെയ്ത കാര്യം അന്നു തന്നെ ഡിജിപി ലോക്‌നാഥ് ബഹ്‌റയെ അറിയിച്ചതാണെന്നാണു ദിലീപ് ഹര്‍ജിയില്‍ പറയുന്നത്.
പൊലീസിനെയും രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും സ്വാധീനിക്കാന്‍ കഴിയുന്ന സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട ചെറിയൊരു വിഭാഗത്തിന്റെ വന്‍ ഗൂഢാലോചനയാണു തന്നെ കുടുക്കിയതെന്നും ദുഷ്ടലാക്കോടെ വ്യാജകഥകള്‍ പ്രചരിപ്പിക്കുകയാണെന്നും ജാമ്യാഹര്‍ജിയില്‍ ദിലീപ് പറയുന്നു. ശബ്ദരേഖയും കോള്‍ വന്ന ഫോണ്‍ നമ്പറും നല്‍കി. സുനിലിനെ തനിക്കറിയില്ല, ഒരിക്കല്‍ പോലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഒന്നര കോടി രൂപയ്ക്കു താന്‍ ക്വട്ടേഷന്‍ നല്‍കിയെന്നു സുനില്‍ പറയുന്നതു സാങ്കല്‍പികമാണെന്നും അദ്ദേഹം ആരോപിക്കുന്നു.

Last Updated: 12th Aug 2017, 11:47 am