ഉഴവൂര്‍ വിജയന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം

കോട്ടയം: ഉഴവൂര്‍ വിജയന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി രംഗത്ത്.
ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലാ കമ്മറ്റികള്‍ക്കും ഇതേ നിലപാടാണെന്നും ഉഴവൂര്‍ വിജയന്റെ ശത്രുക്കള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയാണെന്നും കോട്ടയം ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി. മരണത്തിന് മുന്‍പ് ആലപ്പുഴയിലെ എന്‍സിപി നേതാവ് സുള്‍ഫിക്കര്‍ മയൂരി ഉഴവൂര്‍ വിജയനെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് കോട്ടയത്ത് എന്‍സിപി ജില്ലാ കമ്മിറ്റി ചേര്‍ന്നത്. യോഗത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ പക്ഷം നില്‍ക്കുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശമുണ്ടായി. തുടര്‍ന്ന് ഉഴവൂരിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പ്രമേയം പാസാക്കി. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ജില്ലാ കമ്മിറ്റി പരാതിയും നല്‍കിയിട്ടുണ്ട്.
കമ്മിറ്റിയിലെ തീരുമാനം കേന്ദ്രനേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിലും കൈമാറും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന് ഭാരവാഹി യോഗത്തിലും ജില്ല പ്രസിഡന്റുമാരുടെ യോഗത്തിലും ഇതേ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി എന്നാല്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇതിനിടെ ഉഴവൂര്‍ വിജയന്റെ കുടുംബം മുഖ്യമന്ത്രിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി.

Last Updated: 11th Aug 2017, 4:34 pm