ദിലീപിന്റെ ജാമ്യാപേക്ഷ അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി

കൊച്ചി: നടന്‍ ദീലിപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചയിലേക്ക് മാറ്റി. ദിലീപിന്റെ പുതിയ അഭിഭാഷകന്‍ ബി. രാമന്‍ പിള്ള ജാമ്യാപേക്ഷ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ചിനു മുമ്പാകെ സമര്‍പ്പിച്ചത് ഇന്നലെയാണ്. ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം തേടി. സര്‍ക്കാറിന് വിശദീകരിക്കാന്‍ സമയം അനുവദിച്ച കോടതി അപേക്ഷ പരിഗണിക്കുന്നതിനായി അടുത്ത വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. പ്രൊസിക്യൂഷന്‍ വെള്ളിയാഴ്ച വിശദീകരണം നല്‍കും. രണ്ടാം തവണയാണ് ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ തന്നെ അറസ്റ്റ് ചെയ്തത് ആസൂത്രിത നീക്കത്തിന്റെ ഫലമെന്ന് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. വിശദമായി, ഓരോ സംഭവങ്ങളും എണ്ണിയെണ്ണി പറഞ്ഞുള്ള ജാമ്യാപേക്ഷയില്‍ തനിക്കെതിരേ ഗൂഢാലോചന നടത്തിയവരുടെ പട്ടികയില്‍ നടി മഞ്ജുവാര്യര്‍, പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, എ.ഡി.ജി.പി. ബി. സന്ധ്യ, ലിബര്‍ട്ടി ബഷീര്‍ എന്നിവരാണുള്ളത് എന്നും പറഞ്ഞിട്ടുണ്ട്. സി.പി.ഐ.എമ്മിന്റെ ചില ഉന്നത നേതാക്കളെയും ദിലീപ് ജാമ്യാപേക്ഷയില്‍ ലക്ഷ്യമിടുന്നുണ്ട്.
എഡിജിപി സന്ധ്യയും മഞ്ജുവും അടുത്ത ബന്ധമുണ്ട്. അതുകൊണ്ടാണ് കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഗൂഢാലോചന എന്ന ആരോപണം മഞ്ജു ഉന്നയിച്ചതെന്ന് ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപിനെ അറിയിക്കാതെയാണ് എഡിജിപി ബി.സന്ധ്യ ചോദ്യം ചെയതതെന്നും മഞ്ജുവാര്യരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുളള ബന്ധത്തെ പറ്റി താന്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞപ്പോള്‍ ചോദ്യം ചെയ്യല്‍ പകര്‍ത്തിയിരുന്ന ക്യാമറ എഡിജിപി ഓഫ് ചെയ്‌തെന്നും ദിലീപ് ആരോപിക്കുന്നു.

Last Updated: 11th Aug 2017, 1:25 pm