കോഴ വിവാദത്തില്‍ ഇനിയും അച്ചടക്ക നടപടികള്‍ സ്വീകരിക്കും

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി വി.വി രാജേഷിനെതിരെ നടപടി എടുത്തതില്‍ പ്രതികരണവുമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നടപടി കേന്ദ്രത്തിന്റെ ബോധ്യത്തോടെയാണ്. കോഴ വിവാദത്തില്‍ പാര്‍ട്ടി ഇനിയും അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഒന്നിനൊപ്പം കൂട്ടിചേര്‍ക്കുന്ന പൂജ്യത്തിന്റെ വിലയാണ് ഓരോ പ്രവര്‍ത്തകനും. ഓരോ പൂജ്യം ചേരുമ്പോഴും വില പത്തിരട്ടി വര്‍ദ്ധിക്കും.

അതിനൊപ്പമുള്ള ഒന്ന് പോയാല്‍ ആര്‍ക്കും വിലയുണ്ടാകില്ലെന്ന് ഓരോരുത്തരും ഓര്‍ക്കണം.' മെഡിക്കല്‍ കോളേജ് കോഴ വിവാദവുമായി ബന്ധപ്പെട്ട് വി.വി.രാജേഷിനെതിരെയുള്ള നടപടിക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് ഫേസ്ബുക്കിലിടൂടെ നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷിനേയും യുവമോര്‍ച്ചാ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍കൃഷ്ണയേയും പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കിയത്. അച്ചടക്ക ലംഘനവും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കില്ലെന്നാണ് നേതൃത്വത്തിന്റെ ഉറച്ച നിലപാട്.
സംശുദ്ധവും മൂല്യാധിഷ്ഠിതവുമായ പ്രവര്‍ത്തനമാണ് ബിജെപി എന്നും ഉയര്‍ത്തിപ്പിടിക്കുന്നത്. ഇതിനെതിരെ ആര് പ്രവര്‍ത്തിച്ചാലും മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് നേരത്തെ തന്നെ വാഗ്ദാനം ചെയ്തതാണ്. അങ്ങനെ വേണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റേയും നിലപാട്. അതുകൊണ്ട് കേന്ദ്ര നേതൃത്വത്തിന് ബോധ്യപ്പെട്ട് തന്നെയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടികളും കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നാഷഷണല്‍ കൗണ്‍സില്‍ സമ്മേളനത്തിന് പാര്‍ട്ടി വ്യാജ രസീത് അച്ചടിച്ച് പിരിവ് നടത്തിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നില്‍ ചില ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. ഇതു പൊലെ തന്നെയാണ് പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലാതിരുന്ന മെഡിക്കല്‍ കോളേജ് അഴിമതിയും. ഈ വിഷയത്തിലും പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ പ്രചരണമുണ്ടായി. രണ്ടു സംഭവങ്ങളിലും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തില്‍ മനപ്പൂര്‍വ്വം ചിലര്‍ വ്യാപക പ്രചരണം നടത്തിയതായി ബോധ്യപ്പെട്ടു. ഇത്തരത്തില്‍ പാര്‍ട്ടിയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തില്‍ ആര് പ്രവര്‍ത്തിച്ചാലും നടപടി ഉണ്ടാകും. അത്തരത്തിലുള്ള ചില പരാതികള്‍ കൂടി പാര്‍ട്ടി നേതൃത്വത്തിന് കിട്ടിയിട്ടുണ്ട്. അന്വേഷണത്തില്‍ കുറ്റക്കാരാണെന്നു തെളിഞ്ഞാല്‍ അവര്‍ക്കെതിരെയും നടപടികള്‍ ഉണ്ടാകും.
പാര്‍ട്ടിയില്ലായെങ്കില്‍ ആര്‍ക്കും സ്ഥാനമാനങ്ങളോ സാമൂഹ്യ സ്വീകാര്യതയോ ഉണ്ടാകില്ല. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നിലപാട് ആരും സ്വീകരിക്കരുത്. അഴിമതിയും ക്രമക്കേടും നടത്തി പാര്‍ട്ടിയെ ഇകഴ്ത്താന്‍ ആര് തുനിഞ്ഞാലും അവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് വീണ്ടും ഉറപ്പ് നല്‍കുന്നുവെന്നും കുമ്മനം പറഞ്ഞു.

Last Updated: 10th Aug 2017, 9:40 pm