സുനി വിളിച്ചത് മറച്ചുവെച്ചെന്ന പൊലീസിന്റെ വാദം തള്ളി ദിലീപ്

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ പോലീസിനെ വെട്ടിലാക്കി ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ. പള്‍സര്‍ സുനി തന്നെ വിളിച്ച കാര്യം ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അന്നു തന്നെ അറിയിച്ചിരുന്നുവെന്നാണ് ദിലീപ് ഇന്ന് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. ബെഹ്‌റയുടെ പേഴ്‌സണല്‍ നമ്പറിലേക്ക് താന്‍ വിളിച്ച് ഇക്കാര്യം അറിയിച്ചിരുന്നു. സുനിയുമായി നടത്തിയ ഫോണ്‍ സംഭാഷണമടക്കം ബെഹ്‌റയ്ക്ക് വാട്‌സ്ആപ്പ് ചെയ്തു നല്‍കുകയും ചെയ്‌തെന്നാണ് ദിലീപ് ജാമ്യാപേക്ഷയില്‍ അവകാശപ്പെടുന്നത്.
ജയിലില്‍ നിന്നുള്ള ഫോണ്‍സന്ദേശം വന്നിട്ട് ദിലീപ് ആഴ്ചകളോളം മറച്ചുവെച്ചന്നായിരുന്നു പോലീസിന്റെ പ്രധാന വാദം. രണ്ടാഴ്ചക്ക് ശേഷമാണ് ദിലീപ് ഇതുസംബന്ധിച്ച് പരാതി നല്‍കാന്‍ തയ്യാറാകുന്നതെന്നും പോലീസ് പറഞ്ഞിരുന്നു. ഈ വാദങ്ങളെല്ലാം പൊളിക്കുന്ന വിവരങ്ങളാണ് ദിലീപ് ഇന്ന് ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി തന്നെ ഇക്കാര്യം നേരത്തെ അറിഞ്ഞുവെന്ന വാദമാണ് പോലീസിനെ വെട്ടിലാക്കിയിരിക്കുന്നത്.
ഏപ്രില്‍ 10ന് കൊച്ചിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകാനിരിക്കെയാണ് സുനിയുടെ കോള്‍ വന്നത്. അന്നു തന്നെ നാദിര്‍ഷയയും വിളിച്ചിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ഹൈക്കോടതിയില്‍ അഭിഭാഷകന്‍ രാമന്‍പിള്ള മുഖേനയാണ് ദിലീപ് അപേക്ഷ സമര്‍പ്പിച്ചത്. നേരത്തെ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇത് രണ്ടാം തവണയാണ് അപേക്ഷ സമര്‍പ്പിക്കുന്നത്.
സിനിമയിലെ പ്രബലരായ ചിലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തി. മാധ്യമങ്ങളെയും ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയനേതാക്കളെയും ഇവര്‍ സ്വാധീനിച്ചുവെന്നും ജാമ്യാപേക്ഷയില്‍ ദിലീപ് പറയുന്നു. പള്‍സര്‍ സുനിയെ ജീവിതത്തില്‍ കണ്ടിട്ടോ സംസാരിച്ചിട്ടോ പോലുമില്ല. അന്വേഷണവുമായി സഹകരിച്ചു. ഷൂട്ടിംഗ് കഴിഞ്ഞതും വരാനിരിക്കുന്നതുമായ ചിത്രങ്ങള്‍ പ്രതിസന്ധിയിലാണ്. 50 കോടി രൂപയോളം ഇതിനായി മുടക്കിയെന്നും അപേക്ഷയില്‍ ദിലീപ്. സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ നടനാണ് ദിലീപെന്നും പ്രതിഭാഗം അപേക്ഷയില്‍ പറയുന്നു.
ദിലീപ് ജയിലിലായിട്ട് ഇന്നേക്ക് ഒരു മാസമായി. കേസിന്റെ വിചാരണ കഴിയുംവരെ ദിലീപിനെ ജയിലില്‍ നിന്നു പുറത്തിറക്കാതിരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അപ്രതീക്ഷിതമായിട്ടായിരുന്നു കഴിഞ്ഞ മാസം പത്തിന് രാത്രി ദിലീപ് അറസ്റ്റിലായത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെ ഗൂഡാലോചനയുടെ സൂത്രധാരന്‍ ദിലീപാണെന്ന കണ്ടെത്തല്‍ സിനിമാ മേഖലയെയും ആരാധകരെയും ഞെട്ടിച്ചു. അറസ്റ്റു വാര്‍ത്ത പുറത്തുവന്നതോടെ ജനപ്രിയനായകനെ ജനം തളളിപ്പറയുന്നതും കേരളം കണ്ടു.
ആരാധകര്‍ മാത്രമല്ല സിനിമാലോകമൊന്നാകെയും ദിലീപിനെ തളളിപ്പറഞ്ഞു. താരസംഘടനയായ അമ്മയടക്കം സിനിമാ സംഘടനകളില്‍ നിന്നെല്ലാം ദിലീപ് പുറത്താക്കപ്പെട്ടു. സ്വന്തം നാടായ ആലുവയിലെ സബ്ജയിലില്‍നിന്നു പുറത്തെത്താന്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെയടക്കം സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഭൂമി ഇടപാടുകളും, സ്വന്തം സ്ഥാപനങ്ങള്‍ക്കായി സ്ഥലം കയ്യേറിയെന്ന പരാതികളുമെല്ലാം കൂടുതല്‍ തിരിച്ചടിയായി ദിലീപിനുമേല്‍ വന്നു പതിച്ചു. ഭാര്യ കാവ്യാ മാധവനടക്കം അടുത്ത കുടുംബാംഗങ്ങള്‍ പോലും പൊലീസിന്റെ ചോദ്യം ചെയ്യലിനു വിധേയരാകേണ്ട അവസ്ഥയും വന്നു.

Last Updated: 10th Aug 2017, 6:23 pm