മുരുകന്റെ കുടുംബത്തോട് കേരളം മാപ്പുപറയുന്നുവെന്ന് മുഖ്യമന്ത്രി

നാടിനാകെ അപമാനമുണ്ടാക്കിയ സംഭവത്തില്‍ മുരുകന്റെ കുടുംബത്തോട് കേരളം മാപ്പുപറയുന്നുവെന്ന് മുഖ്യമന്ത്രി.ഇനി ഒരു ദാരുണ സംഭവം ഉണ്ടാകാതിരിക്കട്ടെയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ചികില്‍സ നല്‍കാന്‍ സ്വകാര്യ ആശുപത്രികള്‍ വിസമ്മതിച്ചതിനെതുടര്‍ന്നാണു നാഗര്‍കോവില്‍ സ്വദേശി മുരുകന്‍ (47) ആംബുലന്‍സില്‍വച്ച് മരിച്ചത്. ഞായറാഴ്ച രാത്രി 11നു കൊല്ലം ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍, പിന്നാലെ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം.
കൊല്ലത്തുനിന്നും ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെയും വെന്റിലേറ്റര്‍ ഇല്ലെന്നു പറഞ്ഞു തിരിച്ചയച്ചു. തിരികെ വന്നു കൊല്ലം നഗരത്തിലെ പല സ്വകാര്യ ആശുപത്രികളിലും കൊണ്ടുപോയെങ്കിലും ഒപ്പം ബന്ധുക്കളാരും ഇല്ലെന്നും വെന്റിലേറ്റര്‍ ഒഴിവില്ലെന്നും പറഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു. തുടര്‍ന്നു കൊല്ലം ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും പുലര്‍ച്ചെ ആറിനു മരിച്ചു.

Last Updated: 10th Aug 2017, 10:28 am