അധികാരം നിലനിറുത്തിയാണ് കോവളം കൊട്ടാരം കൈമാറിയതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിന് അവകാശമുന്നയിക്കാനുള്ള അധികാരം നിലനിറുത്തിയാണ് കോവളം കൊട്ടാരം കൈമാറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കൊട്ടാരം കൈമാറിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി വരുമെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെയും അറ്റോര്‍ണി ജറലിന്റെയും നിയമോപദേശമെന്നും പി.സി.ജോര്‍ജ്ജിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.
ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാന്‍ സിവില്‍ കേസ് നല്‍കാന്‍ അവസരമുണ്ടായിരിക്കെ അത് ചെയ്യാതെയാണ് സ്ഥലവും കൊട്ടാരവും കൊല്ലത്തെ ഒരു വ്യവസായിക്ക് എഴുതി നല്‍കിയെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. മുഖ്യമന്ത്രിക്കില്ലെങ്കിലും മറ്റ് പല ഉന്നതര്‍ക്കും ആര്‍.പി ഗ്രൂപ്പ് ഉടമയുമായുള്ള ബന്ധമാണ് ഇതിന് കാരണമെന്നും ഈ ഇടപാടിന് പിന്നില്‍ അഴിമതിയുണ്ടെന്നും ജോര്‍ജ് പറഞ്ഞു. കൊട്ടാരം ഏറ്റെടുത്ത്, മുമ്ബ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം കോടതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിധി സര്‍ക്കാരിനെതിരായിരുന്നു. കൊട്ടാരം വിട്ടുനല്‍കാത്തതിനെതിരെ ആര്‍.പി ഗ്രൂപ്പ് കോടതിയലക്ഷ്യത്തിന് കേസ് നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നിയമോപദേശം കൂടി കണക്കിലെടുത്ത് അത് വിട്ടുനല്‍കിയതെന്ന് മുഖ്യമന്ത്രി വിശദമാക്കി. കൊട്ടാരം വിട്ടുനല്‍കാനുള്ള മന്ത്രിസഭാ തീരുമാനം തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

Last Updated: 9th Aug 2017, 5:48 pm