തിയറ്ററുകളില്‍ ഇ ടിക്കറ്റിങ് നിലവില്‍ വരും

സിനിമാ തിയറ്ററുകളില്‍ ഇ ടിക്കറ്റിങ് ഏതാനും ദിവസങ്ങള്‍ക്കുളളില്‍ തന്നെ നടപ്പില്‍വരുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍. മലയാള സിനിമ പുതിയ ടെക്‌നോളജിയിലൂടെ മാറ്റത്തിന്റെ പാതയില്‍ സഞ്ചരിക്കുകയാണ്. അതോടൊപ്പം പലവിധ പ്രശ്‌നങ്ങളും ഈ മേഖലയില്‍ നിലനില്‍ക്കുന്നു. ഇതിനെല്ലാം പരിഹാരം കാണുന്നതിന് സമഗ്രമായ നിയമനിര്‍മ്മാണവും പരിഷ്‌കാരങ്ങളുമാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. സര്‍ക്കാര്‍ മേഖലയില്‍ സംസ്ഥാനത്ത് നൂറോളം തീയേറ്ററുകള്‍ വരുമ്പോള്‍ തന്നെ ഇപ്പോഴുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം നിയമസഭയില്‍ എം. സ്വരാജ് എംഎല്‍എയുടെ സബ്മിഷന് മറുപടിയായി പറഞ്ഞു.
ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ പലവിധമായ ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നതായി ശ്രദ്ധയില്‍വന്നിട്ടുണ്ട്. സിനിമാ മേഖലയില്‍ പുതുതായി രൂപം കൊണ്ട വിമണ്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സംഘടന സംസ്ഥാന സര്‍ക്കാരിന് ഈ രംഗത്ത് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് നിവേദനം സമര്‍പ്പിച്ചിരുന്നു. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ജസ്റ്റിസ് ഹേമ ചെയര്‍പേഴ്‌സണായും, ശാരദ, കെ ബി വത്സലകുമാരി (റിട്ട. ഐഎഎസ്) എന്നിവര്‍ അംഗങ്ങളായും ഒരു വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. പ്രസ്തുത സമിതിയുടെ റിപ്പോര്‍ട്ട് ലഭ്യമായ ശേഷം ഈ രംഗത്ത് സ്ത്രീ സുരക്ഷയ്ക്ക് ആവശ്യമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായുള്ള സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ പരിഗണിച്ച് വരികയാണ്. സിനിമാ നിര്‍മ്മാണം, വിതരണം, പ്രദര്‍ശനം, തുടങ്ങിയ മേഖലകളിലെ പ്രതിനിധികളും വിദഗ്ധ അംഗങ്ങളും സര്‍ക്കാര്‍ പ്രതിനിധികളും, അടങ്ങുന്ന സിനിമാ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി ഒരു നിയമനിര്‍മ്മാണം നടത്തുന്ന കാര്യവും സജീവ പരിഗണനയിലാണ്. പ്രസ്തുത നിയമത്തില്‍ സിനിമാ നിര്‍മ്മാണ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ പ്രശ്‌നങ്ങള്‍ കൂടി പരിഗണിക്കപ്പെടുന്നതാണ്. ചലച്ചിത്ര നിര്‍മ്മാണത്തെ ഒരു വ്യവസായമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആ മേഖലയിലെ സങ്കിര്‍ണമായ തൊഴില്‍ ബന്ധങ്ങള്‍ കണക്കിലെടുത്താണ് ഇതുവരെയായും ചലച്ചിത്ര നിര്‍മ്മാണത്തെ വ്യവസായമായി കണക്കാക്കാത്തത്. അതിന് സിനിമാ രംഗത്തെ എല്ലാ വിഭാഗവുമായും വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നും എ.കെ ബാലന്‍ പറഞ്ഞു.

Last Updated: 9th Aug 2017, 4:27 pm