അഭയക്കേസില്‍ വിചാരണ നടത്താനാകില്ലെന്ന് കോടതി

അഭയക്കേസ് വിചാരണയ്ക്ക് തടസമുണ്ടെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി. പ്രത്യേക കോടതി ജഡ്ജി കേസിലെ സാക്ഷിപ്പട്ടികയില്‍ ഉള്ളതിനാലാണിത്. അഭയക്കേസ് പരിഗണിക്കുന്നത് അടുത്ത മാസം 11ലേക്ക് മാറ്റി. കേസില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നതിന് െ്രെകംബ്രാഞ്ച് റിട്ടയര്‍ഡ് എസ് പി കെ ടി മൈക്കിള്‍ ഉള്‍പ്പെടെ എട്ട് പേരെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജിയാണ് കോടതി പരിഗണിക്കേണ്ടിയിരുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹര്‍ജി നല്‍കിയത്. കേസിലെ പ്രതികളായ ഫാദര്‍ തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പുത്രക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ വിടുതല്‍ ഹര്‍ജിയും കോടതിക്ക് മുന്നിലുണ്ടായിരുന്നു.
കോണ്‍വെന്റ് ഹോസ്റ്റലില്‍ താമസിച്ചുവന്നിരുന്ന അഭയയെ 1992 മാര്‍ച്ച് 27 നാണ് ഹോസ്റ്റല്‍ വളപ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് കോട്ടയം ബി.സി.എം. കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു പത്തൊന്‍പതുകാരിയായ സിസ്റ്റര്‍ അഭയ. സംഭവ ദിവസം വെളുപ്പിനു നാലുമണിയോടെ താഴത്തെ നിലയിലുള്ള അടുക്കള മുറിയിലെ ഫ്രിഡ്ജില്‍നിന്നു വെള്ളമെടുത്തു മുഖംകഴുകുന്നതിനാണു സിസ്റ്റര്‍ കിടപ്പുമുറിയില്‍നിന്നു പോയത്. ഇതിനിടെ വൈദീകരായ പ്രതികള്‍ കോണ്‍വെന്റില്‍ അതിക്രമിച്ചു കയറി അനാശാസ്യം നടത്തിയത് സിസ്റ്റര്‍ അഭയ കണ്ടുവെന്നും ഇത് മനസ്സിലാക്കിയ പ്രതികള്‍ തലയ്ക്കടിച്ച് അഭയയെ കിണറ്റിലിടുകയായിരുന്നെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. മരിച്ചെന്നു കരുതിയാണ് കിണറ്റിലിട്ടത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ കിണറ്റിലെ വെള്ളംകുടിച്ചാണ് അഭയ മരിച്ചത്.
സിസ്റ്റര്‍ മരിച്ച് നാലു ദിവസങ്ങള്‍ക്കിപ്പുറം, മാര്‍ച്ച് 31ന് അന്നത്തെ കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ പി.സി.ചെറിയാന്‍ മടുക്കാനി പ്രസിഡന്റായും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കണ്‍വീനറായും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
ഇന്നും കേസില്‍ നിയമപോരാട്ടം നടത്തുന്ന ജോമോന് സംഭവം നടക്കുമ്പോള്‍ 24 വയസ്സായിരുന്നു പ്രായം. ലോക്കല്‍ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒന്‍പതര മാസവും അന്വേഷിച്ച് സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്തതാണെന്ന അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം 1992 ഏപ്രില്‍ 14 നു അഭയ കേസന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു.
കേസുമായി ബന്ധപ്പെട്ട് 2008 നവംബര്‍ 18 നു 2008 ഒക്ടോബര്‍ 18, 19 തീയ്യതികളിലായി ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ മൂന്നു പേരെ സി.ബി.ഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തു. അറസ്റ്റ് ചെയ്ത മൂന്നു പ്രതികളേയും 2008 നവംബര്‍ 19ന് കോടതിയില്‍ ഹാജരാക്കുകയും, കോടതി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച് കൂടുതല്‍ ചോദ്യം ചെയ്യലിനായി സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു കൊടുക്കുകയും ചെയ്തു. സി.ബി.ഐ ഇവരെ നുണ പരിശോധനക്ക് വിധേയരാക്കി.

Last Updated: 9th Aug 2017, 2:52 pm