ഡി സിനിമാസ് അടച്ച് പൂട്ടിയ നഗരസഭാ ഉത്തരവ് റദ്ദാക്കി

കൊച്ചി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റര്‍ അടച്ചു പൂട്ടിയ നഗരസഭാ തീരുമാനം ഹൈക്കോടതി റദ്ദാക്കി. ലൈസന്‍സ് റദ്ദാക്കാന്‍ ചാലക്കുടി നഗരസഭയ്ക്ക് അധികാരമില്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതി, തിയറ്റര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാമെന്ന് ഉത്തരവിലൂടെ അറിയിച്ചു. തിയറ്റര്‍ പൂട്ടാന്‍ നഗരസഭാ കൗണ്‍സില്‍ എടുത്ത തീരുമാനം നിയമപരമല്ലെന്നും നിയമാനുസൃതമായ എല്ലാ അനുമതികളോടും കൂടിയാണ് തിയറ്റര്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടതി കണ്ടെത്തി. മതിയായ കാരണങ്ങള്‍ ഇല്ലാതെയാണ് തിയറ്റര്‍ അടച്ചു പൂട്ടാന്‍ നഗരസഭ ഉത്തരവിട്ടതെന്നും കോടതി നിരീക്ഷിച്ചു. ലൈസന്‍സ് വ്യവസ്ഥയുടെ ചട്ടലംഘനമോ മറ്റ് ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമോ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഡി സിനിമാസിനു തുറന്നു പ്രവര്‍ത്തിക്കാം. നഗരസഭാ കൗണ്‍സിലിന് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ അധികാരമില്ല. മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം ലൈസന്‍സ് അനുവദിച്ച സ്ഥാപനം പൂട്ടാന്‍ സെക്രട്ടറിക്കു മാത്രമേ അധികാരമുള്ളൂവെന്നും കോടതി വ്യക്തമാക്കി.
ഡി സിനിമാസ് തിയറ്റര്‍ നഗരസഭ അടച്ചുപൂട്ടിയതിനെതിരെ സഹോദരന്‍ അനൂപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ലൈസന്‍സോടു കൂടിയാണ് തിയറ്റര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നു ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
ഡി സിനിമാസില്‍ എസിക്കു വേണ്ടി ഉയര്‍ന്ന എച്ച്പിയുള്ള മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചുവെന്നു കാണിച്ചാണു ചാലക്കുടി നഗരസഭയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു പ്രമേയം പാസാക്കി തീയറ്റര്‍ പൂട്ടിച്ചത്. നോട്ടീസ് നല്‍കി മണിക്കൂറുകള്‍ക്കകമായിരുന്നു നടപടി. ഇത്തരമൊരു മോട്ടോര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു നഗരസഭയുടെ എഞ്ചിനീയര്‍ പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. മാത്രമല്ല ഇതു നീക്കംചെയ്യാന്‍ മുന്‍കൂര്‍ നോട്ടിസ് കൊടുത്തിട്ടുമില്ല. ഇത്തരമൊരു നീക്കം നടക്കുന്നുവെന്നറിയിച്ചു കഴിഞ്ഞമാസം തീയറ്ററുകാര്‍ അനുമതിക്കായി നഗരസഭയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതു സ്വീകരിക്കരുതെന്നു ഭരണപക്ഷം സെക്രട്ടറിയോട് ആവശ്യപ്പെട്ടു. എസി പ്രവര്‍ത്തിപ്പിക്കാനുള്ള ഇത്തരം മോട്ടോറുകള്‍ പ്രവര്‍പ്പിക്കുന്ന ഏറെ സ്ഥാപനങ്ങള്‍ ചാലക്കുടിയിലുണ്ട്. അവയില്‍ മിക്കതും നഗരസഭയില്‍നിന്നു അനുമതി വാങ്ങിയിട്ടില്ല.

Last Updated: 9th Aug 2017, 2:36 pm