കളിക്കാനുള്ള അനുമതി തേടി ബിസിസിഐയെ സമീപിക്കുമെന്ന് ശ്രീശാന്ത്

കൊച്ചി :വിലക്കു നീക്കിയ പശ്ചാത്തലത്തില്‍ തനിക്ക് കളിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടു ശ്രീശാന്ത് വീണ്ടും ബിസിസിഐയെ സമീപിക്കും. സുപ്രീം കോടതി നിയമിച്ച ഭരണ സമിതി അധ്യക്ഷന്‍ വിനോദ് റായിക്കും സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അമിതാബ് ചൗധരിക്കും അടുത്ത ദിവസം ഇതു സംബന്ധിച്ചു കത്തയക്കും.
ഇന്നലെ വൈകിട്ട് കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലെത്തിയ ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി. പിന്തുണക്കു നന്ദി അറിയിക്കാനെത്തിയതായിരുന്നു ശ്രീശാന്ത്.
ബിസിസിഐ അനുമതി ലഭിക്കാതെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ അതു പ്രശ്‌നമായേക്കുമെന്ന കാര്യവും ശ്രീശാന്തിനോട് വ്യക്തമാക്കി. കെസിഎ നേതൃത്വത്തിന്റെ ഉപദേശം അനുസരിച്ചാണ് ശ്രീശാന്ത് ബിസിസിഐ സമീപിക്കുന്നത്.
കഴിഞ്ഞദിവസമാണ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി നീക്കിയത്. ബിസിസിഐയുടെ നടപടി സ്വാഭാവികനീതിയുടെ നിഷേധമാണെന്നും വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാല്‍ നടപടി തുടരാനാകില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് കോടതി വിലക്ക് നീക്കിയത്.

Last Updated: 9th Aug 2017, 11:48 am