ഹൗസ് ബോട്ട് പരിസ്ഥിതിക്ക് ഭീഷണിയോ?

ആലപ്പുഴ: ഹൗസ് ബോട്ട് സര്‍വ്വീസുകള്‍ വേമ്പനാട്ട് കായലിനെ ചുറ്റിയുള്ള പരിസ്ഥിതിക്ക് ഗുരുതര ഭീഷണിയെന്ന് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍. ആവശ്യത്തിനുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവിടെ മിക്ക ബോട്ടുകളും സര്‍വ്വീസ് നടത്തുന്നത്. ഇതിനെതിരെ തുറമുഖ വകുപ്പ് യാതൊരുവിധ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. വേമ്ബനാട്ട് കായലിന്റെ ശേഷി അനുസരിച്ച് 262 ഹൗസ് ബോട്ടുകള്‍ സര്‍വിസ് നടത്താനേ കഴിയൂ. എന്നാല്‍ നിലവില്‍ 734 ബോട്ടുകള്‍ കായലില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതില്‍ 326 ബോട്ടുകള്‍ രജിസ്‌ട്രേഷന്‍ പുതുക്കിയിട്ടില്ല. നിശ്ചിത സമയത്തിനകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന നിബന്ധന പാലിക്കപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും പറയുന്നത്.
ബോട്ടുകള്‍ ഓടിക്കുന്നത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയും, മാലിന്യം കായലിലേക്ക് തള്ളുന്നുണ്ടെന്നും കണ്ടെത്തി. ആലപ്പുഴയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 69 ശതമാനം ഹൗസ് ബോട്ടുകളും ഇതുവരെ ഇന്‍ഷ്വര്‍ ചെയ്തിട്ടില്ല. ഭൂരിപക്ഷം ഹൗസ് ബോട്ടുകളും ഓടിക്കുന്നത് യോഗ്യതയില്ലാത്തവരുമാണ്. മതിയായ ഉപകരണങ്ങളും അഗ്‌നിശമന സംവിധാനങ്ങളുംമിക്ക ബോട്ടുകളുമില്ല. നിയമലംഘനങ്ങള്‍ പരിശോധിക്കുന്നതില്‍ തുറമുഖ വകുപ്പിന് വലിയ വീഴ്ചയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Last Updated: 9th Aug 2017, 11:41 am