ദിലീപ് നാളെ വീണ്ടും ജാമ്യാപേക്ഷ നല്‍കും

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ നടന്‍ ദിലീപിന് വേണ്ടി നാളെ വീണ്ടും ജാമ്യാപേക്ഷ നല്‍കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഡ്വ. രാമന്‍പിള്ള അറിയിച്ചു. ദിലീപിന്റെ വക്കാലത്ത് എറ്റെടുത്തെന്നും കോടതി നടപടികള്‍ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ദിലീപ് നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ദിലീപിന്റെ റിമാന്‍ഡ് കാലാവധി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ആഗസ്റ്റ് 22 വരെ നീട്ടിയിട്ടുണ്ട്.
അഡ്വ. കെ. രാംകുമാര്‍ ദിലീപിന്റെ വക്കാലത്ത് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് അഡ്വ. ബി. രാമന്‍പിള്ളയെ കേസ് ഏല്‍പിച്ചത്. സാഹചര്യം മാറിയിട്ടുണ്ടെങ്കിലും കേസിന്റെ സ്വഭാവം പരിഗണിച്ച് ജാമ്യം കിട്ടുക എളുപ്പമല്ലെന്ന തിരിച്ചറിവ് പ്രതിഭാഗത്തിനുണ്ട്. ദിലീപിന്റെ ആരോഗ്യനില മോശമെന്നു ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ പ്രവേശിക്കാന്‍ അനുമതി തേടാനും സാദ്ധ്യതയുണ്ട്. എന്നാല്‍ ദിലീപിന് ആരോഗ്യപരമായി യാതൊരു പ്രശ്‌നവുമില്ലെന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിരുന്നു.
കഴിഞ്ഞ വിധിയിലെ ദിലീപിനെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ ഒഴിവാക്കി കിട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തിലും തീരുമാനമെടുത്തിട്ടില്ല. അഡ്വ. രാമന്‍പിള്ള കഴിഞ്ഞ ദിവസം ദിലീപിന്റെ മുന്‍ അഭിഭാഷകന്‍ അഡ്വ. കെ. രാംകുമാറുമായി കേസിനെപ്പറ്റി ചര്‍ച്ച നടത്തിയിരുന്നു.അതേസമയം ജാമ്യ ഹര്‍ജി തീര്‍പ്പാകാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും കേസ് സ്ത്രീ പീഡനമായതിനാല്‍ നിലവിലെ സാഹചര്യം പ്രതികൂലമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

Last Updated: 9th Aug 2017, 11:25 am