അതിരപ്പിള്ളി പദ്ധതിയില്‍ പ്രാരംഭ നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍

അതിരപ്പിള്ളി പദ്ധതിക്കായി പ്രാരംഭ നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍. വനേതരപ്രവര്‍ത്തനങ്ങള്‍ക്ക് വനഭൂമി ഉപയോഗിക്കാനുള്ള നടപടി പൂര്‍ത്തീകരിച്ചു. വൈദ്യുതി മന്ത്രി എം.എം മണിയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റര്‍ മുകളിലായി 23 മീറ്റര്‍ ഉയരമുള്ള ചെറിയ ഡാം നിര്‍മിച്ചു 163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയാണ് വൈദ്യുതി ബോര്‍ഡിന്റേത്. 936 കോടി രൂപയാണ് ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത്.
പ്രകൃതിക്കും പരിസ്ഥിതിക്കും കനത്ത ദോഷം വരുത്തുന്ന ഈ പദ്ധതി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ നാശത്തിനും വഴിവയ്ക്കുമെന്നാണ് യുഡിഎഫ് നിലപാട്. 140 ഹെക്ടറോളം വനത്തെ വെള്ളത്തില്‍ മുക്കുന്ന ഈ പദ്ധതി അത്യപൂര്‍വ്വമായ സസ്യ, ജന്തു സമ്പത്തിനും നാശമുണ്ടാക്കും. അതേസമയം നാമമാത്രമായ വൈദ്യുതി ഉല്പാദനത്തിന് മാത്രമേ ഇത് ഉപകരിക്കുകയുമുള്ളൂ. ഗുണത്തക്കാളേറെ ദോഷം ചെയ്യുന്ന ഈ പദ്ധതി ഒരു കാരണവശാലും നടപ്പാക്കരുതെന്നാണ് യു.ഡി.എഫിന്റെ നിലപാട്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ അവസാനിപ്പിച്ച് പദ്ധതി എന്നന്നേയ്ക്കുമായി ഉപേക്ഷിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളണമെന്ന് രമേശ് ചെന്നിത്തല മുമ്പ് ആവശ്യപ്പെട്ടിരുന്നു.

Last Updated: 9th Aug 2017, 11:06 am