നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിച്ചിട്ടില്ലെന്ന് മന്ത്രി തിലോത്തമന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ നിയമസഭയില്‍.അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും വില കുറഞ്ഞു. പച്ചക്കറി വില മാത്രമാണ് അല്‍പ്പം ഉയര്‍ന്നത്. വിലക്കയറ്റമില്ലാത്ത ഓണമായിരിക്കും ഇത്തവണ. കൃഷി വകുപ്പിന്റെ പ്രത്യേക വിപണികളും ഓണത്തിനുണ്ടാകും. രണ്ടായിരം പച്ചക്കറി ചന്തകള്‍ തുടങ്ങാനും തീരുമാനിച്ചു. ആന്ധ്രയില്‍ നിന്ന് അരി നേരിട്ട് എത്തിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു. വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടി.വി.ഇബ്രാഹിം എംഎല്‍എ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
അതേസമയം മന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷം സഭയില്‍ രംഗത്തെത്തി. വില കുറഞ്ഞത് ധനമന്ത്രി തോമസ് ഐസക്കിന്റെ കോഴിക്ക് മാത്രമെന്ന് പ്രതിപക്ഷം പരിഹസിച്ചു. ഭക്ഷ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്. എല്ലാ സാധനങ്ങള്‍ക്കും വില കൂടിയെന്നും പ്രതിപക്ഷം പറഞ്ഞു.

Last Updated: 9th Aug 2017, 10:44 am