രോഗി മരിച്ച സംഭവത്തില്‍ ജേക്കബ് വടക്കഞ്ചേരിക്ക് നാല് ലക്ഷം രൂപ പിഴ

കൊച്ചി: രോഗി മരിച്ച സംഭവത്തില്‍ ചികിത്സ നടത്തിയ ആളും ആശുപത്രി അധികൃതരും നഷ്ടപരിഹാരം നല്‍കണമെന്ന് വിധി. 12 വര്‍ഷം മുന്‍പ് കോഴിക്കോട് അഭിഭാഷകനായ സി. വിനയാനന്ദന്‍ എറണാകുളം ചമ്പക്കര നേച്ചര്‍ലൈഫ് ഹോസ്പിറ്റലില്‍ മരിച്ച കേസില്‍ ആശുപത്രിയും ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ജേക്കബ് വടക്കാഞ്ചേരിയും നാല് ലക്ഷം രൂപ ബന്ധുക്കള്‍ക്ക് നഷ്ടം നല്‍കണമെന്നാണ് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ഉത്തരവ്.

പ്രമേഹവും കുടലില്‍ അള്‍സറും വൃക്കയില്‍ കല്ലും മറ്റും കാരണം അലോപ്പതി, ആയുര്‍വേദ, പ്രകൃതി ചികിത്സയില്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് പരസ്യം കണ്ട് ജേക്കബ് വടക്കഞ്ചേരിയുടെ കൊച്ചി ആശുപത്രിയില്‍ ചികിത്സ തേടിയെന്നാണ് കേസ്. കോഴിക്കോട് സിവില്‍ സ്റ്റേഷനു സമീപവും ജേക്കബ് വടക്കാഞ്ചേരിയുടെ ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്. 2005-ല്‍ കൊച്ചി ആശുപത്രിയില്‍ ചികിത്സ നടത്തിയതിലെ പോരായ്മ കാരണമാണ് മരണമെന്ന് കാണിച്ച് സഹോദരന്‍ ഗവ.ലോ കോളജ് അസോസിയേറ്റ് പ്രഫ. ഡോ.സി. തിലകാനന്ദനും കുടുംബാംഗങ്ങളും ഹര്‍ജി നല്‍കുകയായിരുന്നു.