കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരെ തെറ്റായ സ്ഥലത്ത് ഇറക്കിവിട്ടു

കൊച്ചി: മസ്‌ക്കറ്റില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെത്തിയ യാത്രക്കാരെ തെറ്റായ സ്ഥലത്ത് ഇറക്കിവിട്ടു. മസ്‌ക്കറ്റില്‍ നിന്നും എത്തിയ വിമാനം സാധാരണ നിര്‍ത്തുന്ന സ്ഥലത്ത് നിന്ന് മാറ്റി ദൂരെയുള്ള ഡോക്കിലാണ് നിര്‍ത്തിയത്. യാത്രക്കാരെ ബസ്സില്‍ കയറ്റി പുറത്തേക്കുള്ള വാതിലില്‍ എത്തിച്ചു.

അന്താരാഷ്ട്ര ടെര്‍മിനലിനു പകരം ആഭ്യന്തര ടെര്‍മിനലിലാണ് ബസ്സ് ഡ്രൈവര്‍ യാത്രക്കാരെ എത്തിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് എമിഗ്രേഷന്‍, കസ്റ്റംസ് ക്ലിയറന്‍സിനുള്ള സൗകര്യങ്ങള്‍ ആഭ്യന്തര ടെര്‍മിനലില്ല. തെറ്റ് മനസ്സിലായപ്പോള്‍ യാത്രക്കാരെ അതേ ബസ്സില്‍ തന്നെ ശരിയായ സ്ഥലത്ത് എത്തിച്ചു.

തെറ്റായ സ്ഥലത്ത് ഇറക്കിയ ബസ്സ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്ങ് സ്റ്റാഫിന്റെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ പാളിച്ചയാണ് സംഭവത്തിന് കാരണം എന്നും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.