ബി.ജെ.പിയുടെ കേരള പര്യടനം ഈ മാസം 16ന് ആരംഭിക്കും; ജനരക്ഷാ യാത്രയ്ക്ക് കിട്ടിയ പിന്തുണ സംഘടനാതലത്തില്‍ പ്രയോജനപ്പെടുത്തല്‍ ലക്ഷ്യം

തിരുവനന്തപുരം: ജനുവരി 16 മുതൽ മാർച്ച് 15 വരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ 14 ജില്ലകളിലും വികാസ യാത്ര നടത്തുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ അറിയിച്ചു. ജനരക്ഷാ യാത്രക്ക് കിട്ടിയ അഭൂതപൂർവ്വമായ പിന്തുണ സംഘടനാ തലത്തിൽ പ്രയോജനപ്പെടുത്തുന്നതിനാണ് സംസ്ഥാന അദ്ധ്യക്ഷൻ ജില്ലകളിൽ യാത്ര നടത്തുന്നത്. ഓരോ ജില്ലകളിലും രണ്ട്, മൂന്ന് ദിവസം വീതമായിരിക്കും പര്യടനം. 16ന് തൃശൂരിൽ തുടങ്ങുന്ന പര്യടനം മാർച്ച് 15ന് കോട്ടയത്ത് സമാപിക്കും.‌

ലോകകേരള സഭ എന്ന പേരിൽ സർക്കാർ നടത്തുന്ന സമ്മേളനം തട്ടിപ്പാണെന്ന് സംസ്ഥാന നേതൃയോഗം വിലയിരുത്തി. കേരളത്തിന്‍റെ വികസനത്തിനായി ഒരു പദ്ധതിയും ആവിഷ്കരിച്ച് അവതരിപ്പിക്കാൻ സർക്കാരിനു സാധിച്ചില്ല. കേന്ദ്രം അനുവദിച്ച ആയിരക്കണക്കിന് കോടി രൂപ പാഴാക്കി കളയുകയാണ്. സമ്മേളന മാമാങ്കം നടത്തുന്ന സർക്കാർ കെഎസ്ആർടിസി ജീവനക്കാർക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുകയാണ്. ഈ സർക്കാര്‍ വന്ന ശേഷം 12 കെഎസ്ആർടിസി ജീവനക്കാരാണ് ആത്മഹത്യ ചെയ്തത്. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും എതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുക്കണം.

വി.ടി.ബൽറാം എംഎൽഎയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന പ്രതികരണങ്ങൾ അസഹിഷ്ണുത മൂലമാണ്. സിപിഎം മറന്ന എകെജിയെ വീണ്ടും അവരുടെ ഓർമയിലെത്തിച്ചത് ബൽറാമാണ്. ഇന്ത്യൻ കോഫീ ഹൗസുകളിലല്ലാതെ എകെജിയുടെ ചിത്രം സിപിഎമ്മുകാർ എവിടെയും ഉപയോഗിക്കുന്നില്ല. സിപിഎം സമ്മേളനങ്ങളിൽ എകെജിയും പി.കൃഷ്ണപിള്ളയും അപ്രത്യക്ഷമായി. പകരം കിം ജോങ് ഉന്നും ചെ ഗവേരയുമാണ് ഇടം പിടിക്കുന്നതെന്നും എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു.

Loading...