നിരപരാധിയാണെന്ന് ഉറപ്പുള്ളതുകൊണ്ട് മുന്‍കൂര്‍ ജാമ്യം തേടിയില്ലെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

ജലന്ധര്‍: തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് വ്യാജ പരാതിയെ ഭയന്ന് താന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാതിരുന്നത ്എന്ന വ്യക്തമാക്കി കന്യാസ്ത്രീയെ പീഡിപ്പിച്ച് കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ഈ ആരോപണം സംബന്ധിച്ച് സത്യാവസ്ഥ പുറത്ത് കൊണ്ടു വരേണ്ടത് തന്റെ കൂടി ആവശ്യമായതിനാല്‍ അന്വേഷണത്തിനോട് സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കേരളാ പോലീസ് ഇതു വരെ തന്നെ ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ല എന്ന പരാതിയും അദ്ദേഹം ഉയര്‍ത്തി.
ബിഷപ്പ് പദവിയില്‍നിന്ന് മാറി നിന്ന് അന്വേഷണത്തെ നേരിടുന്നത് സംബന്ധിച്ച കാര്യങ്ങള്‍ താന്‍ ഇതുവരെ ആലോചിച്ചിട്ടില്ലെന്നും അത് എല്ലാം സഭയുടെ തീരുമാനത്തിന് വിടുന്നതായും അദ്ദേഹം പറഞ്ഞു. പീഡനം നടന്നുവെന്ന് ആരോപിക്കുന്ന 2014 മുതല്‍ 16 വരെയുള്ള കാലഘട്ടത്തില്‍ കന്യാസ്ത്രീ തനിക്കൊപ്പം പല പരിപാടികളിലും പങ്കെടുത്തിരുന്നു. തന്റെ 25-ാമത് പൗരോഹിത്യ ജൂബിലിയിലും, 2016 നവംബറില്‍ എന്റെ അമ്മ മരിച്ചപ്പോഴും കന്യാസ്ത്രീ പങ്കെടുത്തിരുന്നു. ആരോപണത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ അവര്‍ ഈ പരിപാടികളില്‍ പങ്കെടുക്കുമായിരുന്നോയെന്ന ചോദ്യങ്ങളും ബിഷപ്പ് ഉന്നയിച്ചു.

2016-ല്‍ ഇപ്പോഴത്തെ മദര്‍ സുപ്പീരിയറിന് ആരോപണം ഉന്നയിച്ച സിസ്റ്ററിനെ കുറിച്ച് മറ്റൊരു സ്ത്രീ പരാതി നല്‍കിയിരുന്നു. തന്റെ കുടുംബം നശിപ്പിക്കാന്‍ സിസ്റ്റര്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആ കന്യാസ്ത്രീക്കെതിരേയുണ്ടായിരുന്ന ആരോപണം. വൈദ്യപരിശോധനയുടെ ഫലം ഈ ആരോപണം ശരിവയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരേ വധഭീഷണിയുണ്ടെന്ന് കാണിച്ച് പഞ്ചാബിലും കേരളത്തിലും പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പേര് പരാമര്‍ശിച്ചിട്ടുള്ള സിസ്റ്റര്‍മാരാണ് കേരളത്തിലെത്തി തനിക്കെതിരേ മൊഴി നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.