കൗമാര കപ്പടിക്കാന്‍ ഒരുങ്ങി ഇന്ത്യ; അണ്ടര്‍-19 ഇന്ന് തുടക്കം

വെല്ലിങ്ടണ്‍: ലോകക്രിക്കറ്റില്‍ ഇനി കൗമാരക്കാരുടെ ദിനങ്ങള്‍. പന്ത്രണ്ടാമത് അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പിന് ശനിയാഴ്ച ന്യൂസീലന്‍ഡില്‍ തുടക്കം. 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഇത് മൂന്നാംതവണയാണ് ന്യൂസീലന്‍ഡ് ടൂര്‍ണമെന്റിന് വേദിയാവുന്നത്. അടുത്തമാസം മൂന്നിനാണ് ഫൈനല്‍.

ലോകകപ്പിന്റെ ആദ്യദിനം നാലുമത്സരങ്ങള്‍ നടക്കും. എ ഗ്രൂപ്പില്‍ അഫ്ഗാനിസ്താന്‍ പാകിസ്താനെയും സി ഗ്രൂപ്പില്‍ ബംഗ്ലാദേശ് നമീബിയയെയും നേരിടും. എ ഗ്രൂപ്പില്‍ ആതിഥേയരായ ന്യൂസീലന്‍ഡിന് നിലവിലെ ചാമ്പ്യന്‍മാരായ വിന്‍ഡീസാണ് എതിരാളി. ബി ഗ്രൂപ്പിലെ മത്സരത്തില്‍ പാപ്പുവ ന്യൂഗിനി സിംബാബ്വെയെ നേരിടും.

ഞായറാഴ്ചയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യ കളത്തിലിറങ്ങുന്നത്. ഓസ്‌ട്രേലിയയാണ് ഇന്ത്യക്ക് എതിരാളി. നാലാം കിരീടമാണ് പൃഥ്വി ഷാ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം. ഓസ്‌ട്രേലിയയ്ക്ക് പുറമേ പാപ്പുവ ന്യൂഗിനി, സിംബാബ്വെ ടീമുകളാണ് ഇന്ത്യക്കൊപ്പം ബി ഗ്രൂപ്പിലുള്ളത്.

ബംഗ്ലാദേശില്‍ 2016-ല്‍ നടന്ന കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലില്‍ വിന്‍ഡീസിനോട് തോറ്റാണ് ഇന്ത്യ രണ്ടാമതായത്. രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ ടീമില്‍ ഒരുപിടി മികച്ചതാരങ്ങളുണ്ട്. ക്യാപ്റ്റനു പുറമേ ഷുബ്മാന്‍ ഗില്‍, ആര്യന്‍ ജുയാല്‍, അഭിഷേക് ശര്‍മ, ഹിമാന്‍ഷു റാണ എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍.

Loading...