ഷെറിന്‍ മാത്യൂസിന്റെ മരണം; വളര്‍ത്തച്ഛനെതിരെ കൊലക്കുറ്റം ചുമത്തി

ഹൂസ്റ്റണ്‍: മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യൂസ് അമേരിക്കയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി. വെസ്ലിയുടെ ഭാര്യ സിനിയ്ക്കെതിരെ കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.

ഡാലസ് കൗണ്ടിയിലെ ഗ്രാന്‍ഡ് ജൂറിയാണ് ഷെറിന്റെ വളര്‍ത്തുമാതാപിതാക്കള്‍ക്കെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച കുറ്റപത്രം ശരിവച്ചത്. വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍, കുട്ടിയെ ഉപദ്രവിച്ച് പരിക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കുറ്റം തെളിഞ്ഞാല്‍ പരോളില്ലാത്ത ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ വെസ്ലിക്ക് ലഭിക്കാം.

ഷെറിനെ ഉപേക്ഷിച്ചതിനും അപകടത്തിലാക്കിയതിനുമാണ് സിനി മാത്യൂസിനെതിരെ കേസെടുത്തിരിക്കുന്നത്. രണ്ട് മുതല്‍ ഇരുപത് വര്‍ഷം വരെ തടവ് ശിക്ഷ സിനിക്ക് ലഭിച്ചേക്കാം. ഷെറിന്റെ മരണം സംഭവിച്ചതെങ്ങനെയെന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും എന്താണ് ഉണ്ടായതെന്ന് തങ്ങള്‍ക്ക് തങ്ങള്‍ക്ക് ധാരണയുണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. വെസ്ലിക്കും സിനിക്കും പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കുറ്റപത്രത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

2017 ഒക്ടോബര്‍ 7ന് വീട്ടില്‍ നിന്ന് ഷെറിനെ കാണാതായെന്ന് വെസ്ലി പോലീസിനെ അറിയിക്കുകയായിരുന്നു. പാല് കുടിക്കാത്തതിന് ശിക്ഷയായി ഷെറിനെ വീടിന് വെളിയില്‍ നിര്‍ത്തിയെന്നും പതിനഞ്ച് മിനിറ്റിന് ശേഷം നോക്കുമ്പോള്‍ അവളെ കണ്ടില്ലെന്നുമായിരുന്നു വെസ്ലിയുടെ മൊഴി. രണ്ടാഴ്ച്ചയ്ക്ക് ശേഷം ഷെറിന്റെ മൃതദേഹം വീടിന് അരക്കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെടുത്തു.

Loading...