മുംബൈ: പുതുവര്‍ഷത്തിലെ ആദ്യ എസ്യുവി താരം ഇന്ത്യന്‍ മണ്ണിലെത്തി. ഓട്ടോ ഫ്രീക്സ് കാലങ്ങളോളം കാത്തിരുന്ന വാഹനഭീമന് ലംബോര്‍ഗിനിയുടെ എസ്യുവിയായ യുറസാണ് ഇന്ത്യന്‍ വിപണി കീഴടക്കാനെത്തിയ നവാഗതന്.
രാജ്യത്തെ വിപണിയില്‍ ഈ മാസം 11ന് വാഹനമിറക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇറങ്ങും മുമ്പേ എല്ലാ കാറുകളും വിറ്റുപോയെന്ന ഖ്യാതി കൂടി നേടിക്കൊണ്ടാണ് യുറസിന്റെ വരവ്. അതായത്, പുതിയ ഒരു യുറസ് ബുക്ക് ചെയ്യുന്നയാള്‍ക്ക് 2019ല്‍ മാത്രമെ ഇനി വാഹനം ലഭിക്കുകയുള്ളു.
ചൈനയില്‍ ഇറക്കുന്നതിന് മുമ്പ് തന്നെ ലംബോര്‍ഗിനി ഇന്ത്യയില്‍ യുറസ് ഇറക്കിയെന്നതും മറ്റൊരു സവിശേഷതയാണ്. മൊത്തം 1000 യൂണിറ്റുകളാണ് പുറത്തിറക്കിയത്. ഇതില്‍ 25 എണ്ണം ഇന്ത്യയ്ക്കാണ്.
മൂന്ന് കോടിയിലധികം വില വരുന്ന എസ്യുവിക്ക് 4.0 ലിറ്റര്‍ വി8 ട്വിന്‍ ടര്‍ബോ എഞ്ചിനാണ്. 3.6 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുന്ന യുറസിന് 12.8 സെക്കന്‍ഡുകള്‍ക്കിടയില്‍ പൂജ്യത്തില്‍ നിന്ന് 200 കിലോമീറ്ററിലെത്താന്‍ കഴിയും. 305 കിലോമീറ്റര്‍ പെര് അവറാണ് വാഹനത്തിന്റെ ടോപ് സ്പീഡ്. ഇതെല്ലാം യുറസിനെ ലോകത്തിലെ വേഗതയേറിയ എസ്യുവിയാക്കുന്നു.