അനിയനെ സഹായിക്കാന്‍ ചേട്ടന്‍ രംഗത്ത്; അനിലിന്റെ ആര്‍ കോം സ്വത്തുക്കള്‍ മുകേഷ് ഏറ്റെടുക്കുന്നു

ന്യൂഡല്‍ഹി: സാമ്പത്തികത്തകര്‍ച്ച നേരിടുന്ന അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡിന്റെ ചില സ്വത്തുക്കള്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സഹസ്ഥാപനമായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് ഏറ്റെടുക്കുന്നു. ഇക്കാര്യത്തില്‍ ഇരുകമ്പനികളും തമ്മില്‍ ധാരണയായതായി റിലയന്‍സ് ജിയോ അറിയിച്ചു.

ധാരണ അനുസരിച്ച് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ഉടമസ്ഥതയിലുള്ള ടവറുകള്‍, ഓപ്റ്റിക് ഫൈബര്‍ കേബിള്‍ ശൃംഖല, സ്‌പെക്ട്രം, മീഡിയ കണ്‍വെര്‍ജന്‍സ് നോഡ്‌സ് തുടങ്ങിയവ റിലയന്‍സ് ജിയോ ഏറ്റെടുക്കും.

ഗാര്‍ഹിക വ്യാവസായിക ആവശ്യങ്ങള്‍ക്കായുള്ള വയര്‍ലെസ്, ഫൈബര്‍ സേവനങ്ങള്‍ക്ക് ഈ സ്വത്തുക്കള്‍ റിലയന്‍സ് ജിയോയ്ക്ക് സഹായകമാവും. അതേസമയം ഏറ്റെടുക്കലിന് സര്‍ക്കാര്‍ അധികൃതരുടേതടക്കം അനുമതികള്‍ ലഭിക്കാനുണ്ട്.

പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ കമ്പനികള്‍ പുറത്തുവിട്ടിട്ടില്ല. താമസിയാതെ ഇക്കാര്യങ്ങള്‍ പുറത്തുവിടുമെന്ന് റിലയന്‍സ് ജിയോ ഇന്‍ഫോകോം അറിയിച്ചു.

40,000 കോടിയിലധികം രൂപയുടെ കടബാധ്യതയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനുള്ളത്. ഇതേ തുടര്‍ന്ന് കമ്പനിയുടെ ഡിടിഎച്ച് ,വയര്‍ലെസ് ടെലികോം വ്യവസായങ്ങള്‍ കമ്പനി അവസാനിപ്പിച്ചിരുന്നു. കടബാധ്യത തീര്‍ക്കാന്‍ എയര്‍സെല്ലുമായി ചേരാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഇതേ തുടര്‍ന്നാണ് പ്രധാന വ്യവസായങ്ങള്‍ അവസാനിപ്പിച്ചതും അതുമായി ബന്ധപ്പെട്ട സ്വത്തുവകകള്‍ വില്‍പ്പനയ്ക്ക് വെച്ചതും.

റിലയന്‍സ് ജിയോയുടെ വരവ് തന്നെയാണ് മറ്റ് കമ്പനികളെ പോലെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനും തിരിച്ചടിയായത്. എയര്‍ടെല്‍, വോഡഫോണ്‍,ഐഡിയ പോലുള്ള മുന്‍നിര കമ്പനികള്‍ പിടിച്ചുനിന്നപ്പോള്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അടക്കമുള്ള മറ്റ് കമ്പനികള്‍ക്ക് അടിപതറുകയായിരുന്നു.

Loading...