ബോളിവുഡില്‍ പിറന്നാളാഘോഷങ്ങളും സമ്മാനങ്ങളും പുതുമയുള്ളതല്ല. എന്നാല്‍ ഒന്നാം പിറന്നാളിന് ഒരു കുഞ്ഞുവനം തന്നെ സമ്മാനമായി കിട്ടിയിരിക്കുകയാണ് സെയ്ഫ് അലിഖാന്-കരീന കപൂര്‍ ദമ്പതികളുടെ തൈമുറിന്. പേര് കൊണ്ട് തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന കുഞ്ഞു സെലിബ്രിറ്റിയാണ് തൈമുര്‍ അലിഖാന്. ഇപ്പോള്‍ പിറന്നാള്‍ സമ്മാനം കൊണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് പട്ടൗഡി രാജകുമാരന്.
കരീനയുടെ ന്യൂട്രീഷനിസ്റ്റായ രുജുത ദിവാകര്‍ ആണ് തൈമുറിന് പിറന്നാള്‍ സമ്മാനമായി ഒരു കുഞ്ഞു വനം നല്‍കിയത്. പ്ലാവ്, നെല്ലി, ഞാവല്‍, വാഴ, പപ്പായ തുടങ്ങിയ ഫലവൃക്ഷങ്ങളാണ് തൈമുറിനായി ഒരുക്കിയ വനത്തിലുള്ളത്. സമ്മാനം നല്കിയ വനത്തിന് തൈമൂര്‍ അലിഖാന് പട്ടൗഡി ഫോറസ്റ്റ് എന്ന് പേരും നല്‍കിയിട്ടുണ്ട്.
മുംബൈയുടെ അതിര്‍ത്തി പ്രദേശത്തുള്ള സൊനേവ് ഗ്രാമത്തിലാണ് സമ്മാനമായി നല്കിയ വനമുള്ളത്. വനത്തിന്റെ പ്രത്യേകതയെന്താണെന്ന് ചോദിച്ചാല്‍ ഇവിടുത്തെ എല്ലാ ഫലവൃക്ഷങ്ങള്‍ക്കും തൈമുറിനെപ്പോലെ പ്രായം കുറവാണ്.
ഹരിയാനയിലെ പട്ടൗഡി പാലസില്‍ വെച്ച് കുടുംബാംഗങ്ങള്‍ പങ്കെടുത്ത ചടങ്ങിലാണ് തൈമുറിന്റെ ഒന്നാം പിറന്നാളാഘോഷം നടന്നത്. ബോളിവുഡില്‍ കാണുന്ന സ്ഥിരം ആഘോഷപാര്‍ട്ടികള്‍ ഒഴിവാക്കി ഗ്രാമീണതുടെ ഭംഗിയാസ്വദിച്ചാണ് മാതാപിതാക്കള്‍ തൈമുറിന്റെ പിറന്നാള്‍ ആഘോഷിച്ചത്. കരീനയുടെ സഹോദരി കരീഷ്മ കപൂറും മക്കളും അമ്മ ബബിതയും പട്ടൗഡി ഹൗസില്‍ എത്തിയിരുന്നു. അച്ഛനോടൊപ്പം ട്രാക്ടറിലും കുതിരപ്പുറത്തുമൊക്കെ കയറി ആസ്വദിച്ചാണ് തൈമൂര്‍ തന്റെ പിറന്നാള്‍ ദിനം കെങ്കേമമാക്കിയത്.