ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഹ്യുണ്ടായി വെര്‍ണയ്ക്ക്

ന്യൂഡല്‍ഹി: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ നെക്സ്സ്റ്റ് ജനറേഷന്‍ വെര്‍ണക്ക് വാഹന വ്യവസായ രംഗത്തെ പ്രശസ്തമായ ‘ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം. മാരുതി ഡിസയര്‍ രണ്ടാമതും ജീപ്പ് കോംപസ് മൂന്നാം സ്ഥാനത്തുമെത്തി. 18 അംഗ ജൂറിയാണ് വോട്ടെടുപ്പിലൂടെ പുതിയ വെര്‍ണയെ തിരഞ്ഞെടുത്തത്. 100 കോടി രൂപ മുടക്കിയാണ് ഹ്യുണ്ടായ് പുതിയ വെര്‍ണ നിര്‍മ്മിച്ചെടുത്തത്. ആഗോളതലത്തില്‍ ഇത് അഞ്ചാം ജനറേഷനില്‍ പെട്ട വെര്‍ണയാണെങ്കില്‍, ഇന്ത്യയില്‍ നാലാം ജനറേഷനാണ്.

വെര്‍ണ, ക്രെറ്റ, എലൈറ്റ് ഐ 20, ഗ്രാന്‍ഡ് ഐ 10, ഐ 10 എന്നിവയ്ക്കായി 2008 മുതല്‍ അഞ്ചുതവണ ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടുന്ന ആദ്യത്തെ വാഹന നിര്‍മാതാവാണ് ഹ്യുണ്ടായ്.

സെഡാന്‍ വിഭാഗത്തില്‍ മികച്ച രൂപകല്‍പ്പന, പ്രകടനം, ടെക്‌നോളജി, സുരക്ഷാ സംവിധാനം, യാത്രാസുഖം എന്നിവയാണ് പുതിയ വെര്‍ണയുടെ പ്രത്യേകതകള്‍. വെര്‍ണയുടെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്.