ഗീതുവിന്റെ ലയേഴ്‌സ് ഡയസ്

ഫിലിംസ് ഓണ്‍ ഐഡന്ററിറ്റി ആന്റ് സ്‌പേസ് എന്ന വിഭാഗത്തില്‍ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ലയേഴ്‌സ് ഡയസ് പ്രദര്‍ശിപ്പിക്കും. നഷ്ടപ്പെട്ട ഭര്‍ത്താവിനെ അന്വേഷിച്ചു നഗരത്തില്‍ എത്തുന്ന സ്ത്രീയും മകളും, ആ അന്വേഷണത്തില്‍ നേരിടുന്ന തിരിച്ചടികളും തിരിച്ചറിവുകളുമാണ് ലയേഴ്‌സ് ഡയസിന്റെ ഇതിവൃത്തം. മേളയിലെ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്ക് പുറമെ സത്യജിത്ത് റേയുടെ ചാരുലത, അപര്‍ണ്ണാ സെന്നിന്റെ സോനാറ്റാ, വൈ എം മൂവീസിന്റെ വണ്‍ ഹാര്‍ട്ട്: ദി എ ആര്‍ റഹ്മാന്‍ കണ്‍സര്‍ട്ട് എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

എ ആര്‍ റഹ്മാന്റെ വിഖ്യാതമായ കണ്‍സര്‍ട്ട് ടൂറിനെ ആസ്പദമാക്കിയാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. മണ്‍ മറഞ്ഞുപോയ സിനിമാ പ്രതിഭകള്‍ക്കുള്ള ആദരസൂചകമായി ഹോമേജ് വിഭാഗത്തില്‍ ഐ.വി. ശശി, കെ.ആര്‍. മോഹനന്‍, ജയലളിത, ഓം പുരി, കുന്ദന്‍ ഷാ, ഗീതാ സെന്‍ , രാമാനന്ദ സെന്‍ ഗുപ്ത എന്നിവരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ രാജ്യമെങ്ങുമലയടിച്ച സ്വാതന്ത്ര്യ സമരത്തിന്റെ പ്രാദേശികമായ ഒരു അധ്യായത്തെ അവതരിപ്പിച്ച 1921, വ്യക്തിപരമായ താത്പര്യങ്ങളുടെ ഇടയില്‍ തനിയെ ആകുന്ന നായകനെ അവതരിപ്പിച്ച ആള്‍ക്കൂട്ടത്തില്‍ തനിയെ, കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ ആരൂഢം, നാട് വിട്ടുപോയി വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവന്ന നായകന്റെ വൈകാരികതകളെ അവതരിപ്പിച്ച ഇതാ ഇവിടെ വരെ, സ്വാഭാവിക ജീവിതങ്ങള്‍ക്ക് പുറത്തു നില്്ക്കുന്ന വേട്ടക്കാരന്‍ വാറുണ്ണിയുടെ കഥ പറഞ്ഞ മൃഗയ എന്നിവയാണ് ഈ വിഭാഗത്തിലെ ഐ.വി.ശശി ചിത്രങ്ങള്‍.

ആധുനിക ജീവിതത്തിന്റെ അസ്തിത്വവാദ ചിന്തകളെ പുരാണവുമായി ഇടകലര്‍ത്തിയവതരിപ്പിച്ച അശ്വത്ഥാമാവ്, അപരിഹാര്യമായ ജീവിത വൈരുധ്യങ്ങളെ പശ്ചാത്തലമാക്കിയ പുരുഷാര്‍ത്ഥം, ഭൂതകാലത്തോടുള്ള മോഹവും അവ യഥാര്‍ത്ഥ ജീവിതത്തിലുണ്ടാക്കുന്ന വിരുദ്ധമാനങ്ങളും പ്രമേയമാക്കിയ സ്വരൂപം എന്നീ കെ.ആര്‍ മോഹനന്‍ ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും സിനിമാ താരവുമായ ജയലളിതയുടെ വിഖ്യാത ചിത്രം ‘ആയിരത്തില്‍ ഒരുവന്‍’ ജയലളിതയോടുള്ള സ്മരണാര്‍ഥം മേളയില്‍ പ്രദര്‍ശിപ്പിക്കും. ഓംപുരിയുടെ അര്‍ദ്ധ സത്യ, ഗീതാ സെന്‍, രാമാനന്ദ സെന്‍ഗുപ്ത എന്നിവരുടെ നാഗരിക് എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു ചിത്രങ്ങള്‍.