പെണ്‍കുട്ടികളെ ശ്രദ്ധിക്കുക; ഓണ്‍ലൈന്‍ ചതിക്കുഴികള്‍ നിങ്ങളെ കാത്തിരിക്കുന്നു

ലണ്ടന്‍: ഓണ്‍ലൈനില്‍ കടക്കുന്ന കൗമാരപ്രായക്കാരായ പെണ്‍കുട്ടികളില്‍ മൂന്നിലൊന്ന് ഭാഗം ലൈംഗികമായ അധിക്ഷേപത്തിനും പീഡനത്തിനും ഇരയാകുന്നുവെന്ന് ചൈല്‍ഡ്‌നെറ്റ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പീഡനത്തിനിരയാകുന്ന 13 മുതല്‍ 17 വയസുവരെ പ്രായമുള്ളവരില്‍ 31 ശതമാനം പെണ്‍കുട്ടികളാണ്. എന്നാല്‍ 11 ശതമാനം ആണ്‍കുട്ടികളും ഓണ്‍ലൈന്‍ ലൈംഗിക പീഡനത്തിനിരയാകുന്നുവെന്ന് ഇത് സംബന്ധിച്ച് ബിബിസി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവിധ രാജ്യങ്ങളിലെ കൗമാരപ്രായക്കാരില്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്, സൈബര്‍ ലോകത്ത് എത്തുന്ന പത്തില്‍ ഒരാള്‍ പീഡനം ഉള്‍പ്പെടെയുള്ള ലൈംഗികാതിക്രമ ഭീഷണികള്‍ക്ക് ഇരയാകുന്നുവെന്ന് കണ്ടെത്തി. കാമുകന്‍മാര്‍ നഗ്‌നചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ ആവശ്യപ്പെടാറുണ്ടെന്ന് 12 ശതമാനം പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി. 33 ശതമാനം പെണ്‍കുട്ടികളും 14 ശതമാനം ആണ്‍കുട്ടികളും ഓണ്‍ലൈനില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ ലൈംഗിക അഭിപ്രായം രേഖപ്പെടുത്തുന്നു. മറ്റൊരാളുടെ ലൈംഗിക ചെയ്തികള്‍ രഹസ്യമായി പകര്‍ത്തി ഓണ്‍ലൈനില്‍ പങ്കുവെക്കുന്നതിനെ കുറിച്ചുള്ള ഭീതിയാണ് 23 ശതമാനം പേര്‍ പങ്കുവെച്ചത്.

പ്രതികാരം ചെയ്യാനായി, സമ്മതമില്ലാതെ അശ്ലീല ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നവരും വര്‍ധിച്ചിട്ടുണ്ട്. ഓണ്‍ലൈനിലെ മൂന്നിലൊന്ന് (31%) പേരും വ്യക്തമായ വയസ് നല്‍കാറില്ല. ലൈംഗിക ചിത്രങ്ങള്‍, അഭിപ്രായങ്ങള്‍ അല്ലെങ്കില്‍ സന്ദേശങ്ങള്‍ പങ്കുവയ്ക്കാന്‍ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിക്കുന്നവരും കുറവല്ല. പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ വ്യാപകമായി നടക്കുന്നത് വാട്ട്‌സ്ആപ്പ്, സ്‌നാപ്ചാറ്റ്, ഫെയ്‌സ്ബുക്ക് വഴിയാണ്. ഡിജിറ്റല്‍ ടെക്‌നോളജി ചെറുപ്പക്കാരുടെ ജീവിതത്തില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. പക്ഷേ, പുതിയ തരത്തിലുള്ള ലൈംഗിക പീഡനത്തിന്റെ കേന്ദ്രങ്ങളായി മാറുകയാണ് സോഷ്യല്‍മീഡിയ നെറ്റ്‌വര്‍ക്കുകള്‍.