ശശികപൂര്‍ ഓര്‍മ്മയായി

മുംബൈ: ബോളിവുഡ് നടനേതിഹാസം ശശി കപൂര്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. മുംബയിലെ വസതിയിലായിരുന്നു അന്ത്യം. 175 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം രണ്ട് ദശാബ്ദമായി മുഖ്യധാരയില്‍നിന്ന് മാറി കഴിയുകയായിരുന്നു. ഏതാനും വര്‍ഷങ്ങളായി അസുഖം അദ്ദേഹത്തെ അലട്ടിയിരുന്നു. ബൈപ്പാസ് സര്‍ജറി അടക്കമുള്ളവ നടത്തിയിരുന്നു.

2014ല്‍ സമഗ്രസംഭാവനയ്ക്കുള്ള ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചു. 2011 ല്‍ പദ്മവിഭൂഷണും നല്‍കി.

ബാലതാരമായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ശശികപൂര്‍ 60 കളില്‍ മുന്‍നിര താരമായി വളര്‍ന്നു. മൂന്നു ദശാബ്ദത്തോളം ബോളിവുഡിലെ നായകനിരയില്‍ തിളങ്ങി. കഭി കഭി, ഷാന്‍, ത്രീശൂല്‍, ജുനൂന്‍, കാല്‍യുഗ്, ദീവാര്‍, നമക് ഹലാല്‍ തുടങ്ങി ചിത്രങ്ങള്‍ അദ്ദേഹത്തിന് പ്രശസ്തി സമ്മാനിച്ചു. ന്യൂഡല്‍ഹി ടൈംസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു. 12 ഇംഗ്ലീഷ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ജുനൂന്‍, കാല്‍യുഗ്, വിജേത തുടങ്ങി ആറ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ശശികപൂര്‍ അജൂബ എന്നൊരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. പ്രശസ്ത നടന്‍ പൃഥ്വിരാജ് കപൂറിന്റെ മകനായ ശശി കപൂര്‍ പൃഥ്വിരാജ് തിയേറ്റര്‍ പുനരുദ്ധരിച്ചു. രാജ് കപൂര്‍, ഷമ്മി കപൂര്‍, ശശി കപൂര്‍ താരത്രയങ്ങളില്‍ ഇളയയാളാണ്.