ഡൽഹിയിലെ പുകമഞ്ഞ്: ഗൾഫ് രാജ്യങ്ങൾക്കും പങ്കെന്ന് പഠന റിപ്പോർട്ട്

ന്യൂ‍ഡൽഹി∙ ഡൽഹിയെ ദുരിതക്കയത്തിലാക്കിയ പുകമഞ്ഞിന്റെ പകുതിയോളം എത്തിയതു ഗൾഫിൽനിന്നെന്നു റിപ്പോർട്ട്. നവംബർ ഏഴു മുതൽ തുടങ്ങിയ പുകമഞ്ഞിന്റെ 40 ശതമാനമാണ് ഗൾഫ് രാജ്യങ്ങളുടെ പങ്ക്. കേന്ദ്രസർക്കാരിന്റെ വായുശുദ്ധി ഗവേഷണ കേന്ദ്രമായ സഫർ (സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻ‍‍ഡ് വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസർച്ച്) വിഭാഗവും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

പഞ്ചാബ് – ഹരിയാന സംസ്ഥാനങ്ങളിൽനിന്നുള്ള മലിനീകരണം 25 ശതമാനവും ബാക്കിയുള്ള 35% ഡല്‍ഹി – എന്‍സിആറിൽനിന്നുള്ള (ദേശീയ തലസ്ഥാന മേഖല) മലിനീകരണവുമാണെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ചയാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്.

ഇറാഖ്, കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ ദിവസങ്ങളോളം നീണ്ടുനിന്ന പൊടിക്കാറ്റാണു നവംബർ ആറു മുതൽ 14 വരെ ഡൽഹിയിലേക്ക് എത്തിയതെന്നാണു കണ്ടെത്തൽ. നേരത്തേതന്നെ ഡൽഹിയിലെ വായുശുദ്ധി മോശമായിരുന്നെങ്കിലും നവംബർ എട്ടിനു ശരാശരി എയർ ക്വാളിറ്റി ഇൻഡെക്സ് 478 ആകുകയും മലിനീകരണത്തിന്റെ അളവ് ‘സെവിയെർ’ എന്ന വിഭാഗത്തിൽപെടുകയും ചെയ്തിരുന്നു.

ബാഹ്യഘടകങ്ങൾ വായുശുദ്ധിയെ ബാധിച്ചിരുന്നില്ലെങ്കിൽ പിഎം 2.5 എന്നതിന്റെ അളവ് 200 എംജിയിൽ നിർത്താനായേനെ. ഇപ്പോൾ 640 എംജിയാണ് അളവ്. (പൊടിയുടെ തീരെ ചെറിയ കണികകളാണ് പിഎം 2.5 എന്നത്. ഒരു കണിക 30 തവണ കൂട്ടിച്ചേർത്താൽ ഒരു തലമുടി നാരിന്റെ വലുപ്പമെത്തും. ഇവ ശ്വാസകോശത്തിലും രക്തത്തിലും എത്തുന്നത് ജീവന് അപകടകരമാണ്)

ഗൾഫിൽ ഒക്ടോബർ അവസാന വാരത്തിൽ ആരംഭിച്ച പൊടിക്കാറ്റ് ഈ മാസം നാലാം തീയതി വരെ വീശിയിരുന്നു. ഇതിനൊപ്പം തണുത്ത കാറ്റും വീശിയടിച്ചു. ഈ ശക്തമായ കാറ്റാണ് ഇത്രയും പൊടിക്കാറ്റിനെ ഡൽഹിയിലെത്തിച്ചത്. ഇതിനൊപ്പം പഞ്ചാബും ഉത്തർപ്രദേശും ഹരിയാനയും കൊയ്തെടുത്ത നിലത്തു ബാക്കിവന്ന കച്ചി കത്തിക്കുകയും ചെയ്തതോടെ സ്ഥിതി അതീവ രൂക്ഷമാവുകയായിരുന്നു. നവംബർ ആറിനാണ് ഈ സംസ്ഥാനങ്ങൾ കച്ചി കത്തിച്ചത്. ഇതിനുപിന്നാലെയുണ്ടായ വടക്കു പടിഞ്ഞാറൻ കാറ്റ് ഡൽഹിയിലെ മലിനീകരണത്തിന് ആക്കം കൂട്ടി.

അതേസമയം, നിർമാണ പ്രവർത്തനങ്ങൾക്കു നിരോധനം ഏർപ്പെടുത്തുകയും ട്രക്കുകളുടെ പ്രവേശനം വിലക്കുകയും മറ്റും ചെയ്തുള്ള നടപടികൾ മൂലം വായുശുദ്ധിയിൽ 15 ശതമാനത്തോളം മാറ്റം വന്നെന്നും റിപ്പോർട്ടിൽ പറയുന്നു. നവംബർ 10നു രാത്രിക്കുശേഷം തീ കത്തിക്കലോ, ഗൾഫിൽനിന്നുള്ള പൊടിക്കാറ്റോ ഉണ്ടായിട്ടില്ല. ഇതും മലിനീകരണത്തോതിൽ കുറവു വരാൻ സഹായിച്ചു. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഡൽഹിയിലെ അവസ്ഥയ്ക്കു മാറ്റം വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.