ജയലളിത ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഡോക്ടറോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത് വിട്ടു

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അസുഖബാധിതയായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഡോക്ടറോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത് വിട്ടു. ആശുപത്രിയിൽ ജയയെ ചികിത്സിച്ചിരുന്ന ഡോ.കെ.എസ്. ശിവകുമാർ,​ ഏകാംഗ കമ്മിഷൻ ജസ്‌റ്റിസ് എ.അറുമുഖ സ്വാമിക്ക് കൈമാറിയതാണ് ഈ ടേപ്പ്. കമ്മിഷൻ തന്നെയാണ് ഇപ്പോൾ ടേപ്പ് പുറത്ത് വിട്ടത്

1.07 മിനിട്ടുള്ള ഓഡിയോ ക്ലിപ്പിൽ,​ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടുകളെ കുറിച്ചാണ് ജയലളിത പറയുന്നത്. ശ്വസിക്കുന്പോൾ എന്റെ ചെവിയിൽ ഒരുതരം ശബ്ദം കേൾക്കുന്നു. സിനിമാ തിയേറ്ററുകളിൽ കാഴ്ചക്കാർ വിസിലടിക്കുന്നതു പോലെയാണത്. ഇങ്ങനെ ശ്വാസമെടുക്കുന്നതിനിടെ ഉണ്ടാകുന്ന ശബ്ദം റെക്കാഡ് ചെയ്യാനുള്ള മൊബൈൽ ആപ്ലിക്കേഷൻ ഉണ്ടോയെന്നും അവർ ചോദിക്കുന്നുണ്ട്. ഇല്ലെന്ന് ശിവകുമാർ മറുപടി നൽകുന്നുണ്ട്. വി.എൽ.സി. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയാണെന്ന് മറുപടി നൽകുന്പോൾ ചെയ്യാൻ പറ്റില്ലെങ്കിൽ വിട്ടുകളയൂ. അപ്പോഴേ ഞാൻ പറഞ്ഞതല്ലേ, നടക്കില്ലെന്ന്. ഒന്നു പറയും, മറ്റൊന്നു ചെയ്യും എന്ന പറഞ്ഞ് ജയലളിത അസ്വസ്ഥയാകുന്നതും കേൾക്കാം

തന്റെ രക്തസമ്മർദം എത്രയാണെന്നു ഡ്യൂട്ടി ഡോക്ടറോടു ജയലളിത ചോദിക്കുന്നതും അവർ നൽകുന്ന ഉത്തരവും ടേപ്പിലുണ്ട്. 140 ആണ് രക്തസമ്മർദം എന്നും അത് ഉയർന്ന തോതാണെന്നും ഡോക്ടർ പറയുന്നു. പിന്നീട് 140/80 ആണെന്ന് പറയുമ്പോൾ അതു തനിക്ക് ‘നോർമൽ’ ആണെന്ന് ജയലളിത പറയുന്നതും കേൾക്കാം. തുടർച്ചയായി ചുമച്ചു കൊണ്ടായിരുന്നു ജയയുടെ സംസാരമെന്നതിനാൽ തന്നെ അവർക്ക് ശ്വാസതടസം ഉണ്ടെന്നതും വ്യക്തമാണ്.

ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ചുള്ള റിപ്പോർട്ടും ശിവകുമാർ കമ്മിഷന് കൈമാറിയിരുന്നു. ആശുപത്രിയിൽ കഴിയുന്ന സമയത്ത് 106.9 കിലോയായിരുന്നു ജയലളിതയുടെ ഭാരം. രാവിലെ 4.55ന് പനിനീർ കുടിച്ചു കൊണ്ടാണ് ജയ ദിവസം ആരംഭിക്കുന്നത്. 5.45 ആകുന്പോഴേക്കും ഗ്രീൻ ടീ കുടിക്കും. ഒരു ഇഡ്ഡലിയും നാലു കഷ്ണം ബ്രെഡുമായിരുന്നു പ്രഭാത ഭക്ഷണം. ഇതോടൊപ്പം 230 മില്ലി ലീറ്റർ ഇളനീരും 400 മില്ലി ലിറ്റർ കാപ്പിയും കഴിക്കും. രാവിലെ 5.05നും 5.35നും ഇടയിലായിരുന്നു ഈ ഭക്ഷണം. ഉച്ചയ്ക്ക് 2.30ഓടെ ഭക്ഷണം കഴിക്കും. ഒന്നരക്കപ്പ് ബസ്‌മതി ചോറും ഒരു കപ്പ് തൈരും കഴിക്കും. വൈകിട്ട് 5.45ന് കാപ്പി കുടിക്കും. വൈകിട്ട് ആറരയ്ക്കും 7.15നും ഇടയിൽ അത്താഴവും കഴിക്കും. കപ്പലണ്ടിയും ഉണങ്ങിയ പഴങ്ങളും കൂടാതെ ഇഡലിയോ ഉപ്പുമാവോ കഴിക്കും. ഒരു ദോശയും രണ്ട് കഷണം ബ്രെഡ്ഡും 200 മില്ലി ലിറ്റർ പാലും കഴിക്കുമായിരുന്നു ജയലളിത. ഒപ്പം പ്രമേഹത്തിനുള്ള ഗുളികകളും കഴിക്കും.